ട്രാഫിക് ബ്ലോക്കില്‍ രോഗിയുമായി കുരുങ്ങി ക്കിടന്ന ആംബുലന്‍സിന് വഴിയൊരുക്കിയ വിമുക്തഭടന് ട്രാഫിക് പോലീസ് വക മര്‍ദ്ദനം

single-img
4 March 2015

Traffic-Police-Assaults-Ex-Serviceman-1രോഗിയുമായി വന്ന് ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങി കിടന്ന ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കിയ വിമുക്ത ഭടന് ട്രാഫിക് പോലീസുകാരന്റെ മര്‍ദ്ദനം. ബംഗളൂരില്‍ കഴിഞ്ഞ ദിവസം രോഗിയുമായി ആശുപത്രിയിലേക്ക് പോകാനെത്തി ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് പോയ ആംബുലന്‍സിന് വഴിയൊരുക്കിക്കൊടുത്തയാളെയാണ് പോലീസുകാരന്‍ മര്‍ദ്ദിച്ചത്.

ട്രാഫിക് പോലീസ് കെട്ടിയിരുന്ന ഒരു കയര്‍ അഴിച്ച് മാറ്റിയാണ് ഇയാള്‍ വാഹനത്തിന് പോകാന്‍ സ്ഥലമൊരുക്കി കൊടുത്തത്. ഇതു കണ്ടുകൊണ്ട് വന്ന സദാശിവ നഗര്‍ ട്രാഫിക് സ്‌റ്റേഷനിലെ ഗംഗണ്ണ എന്ന പോലീസുകാരനാണ് ഭടനെ കയ്യേറ്റം ചെയ്തതെന്നാണ് ബംഗളൂരുവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആംബുലന്‍സ് കടന്നു പോയശേഷം അംസഭ്യ വര്‍ഷത്തോടെയാണ് പോലീസുകാരന്‍ വിമുക്ത ഭടന് സമീപത്തെത്തിയത്. ാംബുലന്‍സിനെ കടത്തിവിട്ടതിനെച്ചൊല്ലി ഇരുവരും വാക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കയ്യേറ്റം നടത്തുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരക്കേറിയ ജംഗ്ഷനില്‍ വച്ച് പോലീസുകാരന്‍ ഇയാളെ തല്ലുന്നതും ഇദ്ദേഹം അടുത്ത പോലീസുകാരനോട് പോയി പരാതിപറയുന്നതും വീഡിയോയില്‍ കാണാം.