ഐ.എസ്.ആര്‍.ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതരെയുള്ള നടപടി റദ്ദാക്കി

single-img
4 March 2015

sibyഐ.എസ്.ആർ. ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിബി മാത്യൂസ്, ഡിവൈ.എസ്.പി കെ.കെ.ജോഷ്വ, സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിജയൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന ഉത്തരവാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ബെഞ്ചിനെ സമീപിച്ച അന്വേഷണസംഘത്തലവന്‍ സി.ബി.മാത്യൂസിന്റേയും അംഗമായ മുന്‍ എസ്പി കെ കെ ജോഷ്വയുടേയും ഹര്‍ജി ഡിവിഷന്‍ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അന്വേഷണം നടക്കുമ്പോള്‍ അന്നത്തെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തതും ചോദ്യം ചെയ്യല്‍ നടന്നതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഒദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് ഇതെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പരിഗണിച്ചശേഷമാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിപ്പിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സർക്കാർ നമ്പി നാരായാണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു സി.ബി.ഐയുടെ ശുപാർശ. നടപടി ആവശ്യപ്പെട്ട് നമ്പി നാരായൺ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് അദ്ദേഹത്തിന് അനുകൂല വിധി പുറപ്പെടുവിച്ചത്.

ചാരക്കേസിൽ സത്യം ജയിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പറഞ്ഞു. കേസിൽ സർക്കാരായിരുന്നു അപ്പീൽ പോവേണ്ടിയിരുന്നത്. എന്നാൽ അതുണ്ടാവാത്തതിനാലാണ് താൻ അപ്പീൽ നൽകിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.