മാതാവ് കഴിഞ്ഞു മതി ഗോമാതാവ്; മഹാരാഷ്ട്ര സര്‍ക്കാര്‍ ആദ്യം നിരോധിക്കേണ്ടത് ഗോമാംസ വില്‍പ്പനയല്ല, സ്ത്രീയുടെ പച്ചമാംസത്തെ പരസ്യ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ചുവന്ന തെരുവിന്റെ സംസ്‌കാരത്തെയാണ്

single-img
4 March 2015

mumbai_red_light

പശുവിനെ മാതാവായി കരുതുന്ന സംസ്‌കാരത്തിന്റെ വ്യാപനം ഇന്ത്യന്‍ മണ്ണില്‍ സാധ്യമായിത്തുടങ്ങി. മറാത്താ വീരംകൊണ്ട് പുകള്‍പെറ്റ മഹാരാഷ്ട്രയിലെ മണ്ണില്‍ ബി.ജെ.പി- ശിവസേന സഖ്യം അധികാരമേറ്റെടുത്തതോടെ കാലാകാലങ്ങളായി ഭാരത സംസ്‌കാരത്തിന്റെ അടയാളമായി ചൂണ്ടിക്കാണിച്ച ബീഫ് നിരോധനമെന്ന ഹിന്ദു സംഘടനകളുടെ ദൗത്യം ലക്ഷ്യം കണ്ടിരിക്കുകയാണ്. ഇനി ഇത് പടിപടിയായി ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്നിടങ്ങളില്‍ യാഥര്‍ത്ഥ്യമാകുന്ന കാര്യവും ഉറപ്പായിക്കഴിഞ്ഞു.

യാഥാര്‍ത്ഥ്യത്തിന്റെ മുഖം കൈകൊണ്ട് മറച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ ഒരു നിയമം പാസാക്കിയെടുത്തതെന്ന് പറയാതിരിക്കാന്‍ വയ്യ. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ചേരിപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലൊന്ന് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയാണെന്നുള്ളതും ഇവിടെ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ലാത്ത ശ്വാസംമുട്ടി, ആണും പെണ്ണുമടങ്ങിയ ലക്ഷക്കണക്കിന് നിവസികള്‍ ജീവിക്കുന്നുണ്ടെന്നുള്ളതും മഹാരാഷ്ട്രക്കാര്‍ക്കോ ഇന്ത്യക്കാര്‍ക്കോ മാത്രമറിയാവുന്ന രഹസ്യമല്ല. ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും ചര്‍ച്ചചെയ്ത് ഛര്‍ദ്ദിച്ചുകളഞ്ഞ കാര്യങ്ങളാണ്. മാനുഷിക ശ്രദ്ധ ഇത്രയേറെ കേന്ദ്രീകരിക്കാനുള്ള വിഷയങ്ങള്‍ ഉണ്ടെന്നിരിക്കേ അതിനെയെല്ലാം മറന്ന് ഗോവധ നിരോധനമെന്ന ഒരു ‘മാന്ത്രിക വാക്കി’നെ ജനങ്ങള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്റെ മുഖമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ തിരിച്ചറിയപ്പെടേണ്ടത്.

സ്ത്രീയുടെ പച്ചമാംസത്തിന്റെ നിറംചാലിച്ച കഥകള്‍ ലോകമെമ്പാടും കേള്‍പ്പിച്ച ചുവന്ന തെരുവെന്ന കുപ്രസിദ്ധ ഇടവും ഇപ്പറഞ്ഞ മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയില്‍ തന്നെയാണ്. സ്ത്രീസുരക്ഷയ്ക്കും നാടിന്റെ വികസനത്തിനും കൂട്ടത്തില്‍ ആര്‍ഷഭാരത സംസ്‌കാരത്തിനും മുന്‍ഗണനകൊടുത്തുകൊണ്ട് ഭരണത്തിലൂടെ മുന്നേറാനിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകളെ നിരത്തിവെച്ച് വിലപറയുന്ന ചുവന്ന തെരുവെന്ന ഈ വില്‍പ്പനയിടത്തെ കാണാത്തത് അത്ഭുതപ്പെടുത്തുന്നു. അതിനും മുകളിലാണോ മൃഗമെന്ന വിഭാഗത്തില്‍ പെടുന്ന പശുവും പോത്തും കാളയുമൊക്കെ?

കാമാത്തിപ്പുരയെന്ന ഏഷ്യയിലെ ഏറ്റവും വലിയ മാംസവിപണി ഒരര്‍ത്ഥത്തില്‍ നിയമപാലകര്‍ക്കും ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കും ഒരുതരത്തിലുള്ള മാസപ്പടി കൂടിയാണ്. വരുന്ന സര്‍ക്കാരുകളൊന്നും ഇത്തരത്തിലുള്ള സ്ത്രീവ്യാപാരത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നുള്ള യഥാര്‍ത്ഥ്യവും ഇതിനോട് ചേര്‍ത്ത് വായിക്കണം. കാമാത്തിപ്പുരയുടെ ഇരുളറകളില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയവരിലൂടെ ലോകം മുഴുവന്‍ അറിഞ്ഞതുമാണ് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമായ ഭാരതസ്ത്രീകളുടെ അവസ്ഥകളെപ്പറ്റി. ഹിന്ദുത്വ സംസ്‌കാരം എന്നൊന്ന് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഈ ഒരു കാര്യത്തെയല്ലെ ആ മണ്ണില്‍ നിന്നും തൂത്തെറിയേണ്ടത്?

ദേവദാസികളും ദേവദാസി സംബ്രദായവും ഈ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നവരുണ്ടാകാം. പക്ഷേ അത് ഒരിക്കലും അത് യഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്ന വാദമല്ല. ചിന്തിക്കാനുള്ള ബുദ്ധിയും വികാരങ്ങളുമുള്ള മനുഷ്യകുലത്തില്‍ പിറന്ന സ്ത്രീയെന്ന ജീവിയെ ഒരു സാധാ പശുവിന്റെ വിലയ്ക്ക് പോലും തുല്യം നല്‍കാതെ തള്ളിക്കളഞ്ഞുള്ള നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ഉപയോഗം ചെയ്യുക എന്നുള്ളതുകൂടി സര്‍ക്കാര്‍ വ്യക്തമാക്കണം. കന്നുകാലികള്‍ അറവുകത്തിക്ക് കഴുത്ത് കൊടുക്കാതെ തെരുവിലലഞ്ഞു നടക്കുമ്പോള്‍ കാമാത്തിപ്പുരയിലെ സ്ത്രീകള്‍ മൃഗങ്ങളെക്കാളും കഷ്ടത്തില്‍ കുടുസ്സുമുറിയില്‍ ജീവിതം ജീവിച്ചു തീര്‍ക്കപ്പെടും. അവരെ രക്ഷപ്പെടുത്താനോ അവര്‍ക്ക് പുതുജീവിതത്തിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ സഹായങ്ങളുമുണ്ടാകുന്നില്ല. ആര്‍ഷഭാരതത്തിന്റെ വക്താക്കള്‍വരെ നിവൃത്തികേടുകൊണ്ട് ഈ വേഷങ്ങള്‍ എടുത്തണിഞ്ഞവരെ രക്ഷപ്പെടുത്തകയെന്ന ഉദ്ദേശ്യത്തോടെ തിരിഞ്ഞു നോക്കുന്നില്ല എന്നുള്ളതാണ് വിസ്മയകരം.

ചതിയിലും വഞ്ചനയിലും പെട്ട് ചുവന്ന തെരുവിന്റെ അകത്തളങ്ങളിലെത്തുന്ന സ്ത്രീജന്മങ്ങള്‍, പിഞ്ചു പെണ്‍കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യത്തിലേക്ക് കാലെടുത്ത് വെച്ചവര്‍ വരെ അനുഭവിക്കുന്ന കൊടിയ യാതനകള്‍ കാണാതെ, അവര്‍ക്ക് മൃഗങ്ങളുടെ വിലയും മൃഗങ്ങള്‍ക്ക് മനുഷ്യരുടെ വിലയും നല്‍കുന്ന ഈ കാലഘട്ടത്തിന്റെ സൃഷ്ടിക്ക് അതിന്റെ സൃഷ്ടാക്കള്‍ കനത്ത വിലനല്‍കണമെന്നുള്ള കാര്യം നിസംശയമാണ്. ജനാധിപത്യരീതിയില്‍ പ്രതികരിക്കുന്ന വോട്ടര്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന ആ അധികാരം ഉപയോഗിച്ചാല്‍ തകരുന്നതേയുള്ളു എല്ലാ സംസ്‌കാരങ്ങളുടെയും കഥകള്‍. ഗോവധ നിരോധനമെന്ന തമാശക്കളിയില്‍ നിന്നും കാമാത്തിപ്പുരകളിലെ സ്ത്രീകളുടെ സുരക്ഷയും പുനഃരധിവാവുമെന്ന ഗൗരവകരമായ കാര്യത്തെപ്പറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങണം.

മാതാവ് കഴിഞ്ഞു മതി ഗോമാതാവ്. അതാണ് അതിന്റെ ശരിയും.