യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം; യൂട്യൂബ് വീഡിയോ ചർച്ചയാകുന്നു

single-img
3 March 2015

ന്യൂയോർക്ക്: യു.എസിൽ സ്കൂൾ ബസിനുള്ളിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ വംശീയാധിക്ഷേപം. ജോർജ്ജിയയിലെ  എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ഹർഷുഖ് സിംഗ് എന്ന ബാലനെയാണ് സ്കൂൾ ബസിനുള്ളിൽ വെച്ച് മറ്റ് കുട്ടികൾ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ചർച്ച ചെയ്യപ്പെടുകയാണ്.

വീഡിയോയിൽ തലയിൽ ടർബൻ കെട്ടിയിരിക്കുന്ന ഹർഷുഖിന്റെ പിന്നിലെ സീറ്റിൽ ഇരിക്കുന്ന പെൺകുട്ടി അവന് നേരെ ചൂണ്ടി ‘തീവ്രവാദി…തീവ്രവാദി’ എന്ന് ആക്രോശിക്കുകയും പിന്നീട് മറ്റ് കുട്ടികൾ ചുറ്റും കൂടി അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

വീഡിയോ ഹർഷുഖ് തന്നെയാണ് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത്. തന്നെ കുട്ടികൾ വംശീയമായി അധിക്ഷേപിക്കുകയും അഫ്ഗാൻ തീവ്രവാദി എന്ന് വിളിക്കുകയും ചെയ്യുന്നു. തന്നെപ്പോലുള്ളവരോട് ഇങ്ങനെ ചെയ്യരുതെന്ന് പറയുന്ന കുട്ടി താൻ മുസ്ലീമല്ല സിഖ് ആണെന്നും വ്യക്തമാക്കുന്നുണ്ട്.

ഹൈന്ദവ ക്ഷേത്രം ആക്രമിക്കപ്പെട്ട് ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം. നാസി സ്വസ്തികയും ‘പുറത്തു പോകൂ’ എന്ന വാചകവുമാണ് ആക്രമികൾ ക്ഷേത്രത്തിന്റെ പുറംമതിലിൽ സ്‌പ്രേ പെയിന്റ് ചെയ്തിരുന്നത്.