ആറ്റുകാൽ പൊങ്കാലക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി

single-img
3 March 2015

attukal pongalaതിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. പൊങ്കാലക്ക് എത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ശക്തവും സുസജ്ജവുമായ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കുന്നത്. പ്രധാനമായും പൊങ്കാലയ്ക്കായി ശുദ്ധജലം എത്തിക്കുന്ന ഹോമിയോ കോളേജിൽ 76 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്കിനു പുറമേ ടാങ്കറുകളിലും വെള്ളം എത്തിക്കും.

ഭക്തർക്ക് കുളിക്കാനും ശുദ്ധിയാകുന്നതിനുമുള്ള സൗകര്യങ്ങളും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. കിള്ളിയാറ്റിൻകരയിലും കീഴമ്പ് കടവിലും ഷവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടോയ്‌ലെറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിന് ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ മാത്രം 3500 പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഇതിൽ 600 പേർ വനിതാ പൊലീസുകാരാണ്. കൂടുതൽ രഹസ്യ കാമറകളും പൊലീസ് സ്ഥാപിക്കും. ആരോഗ്യ മുന്നൊരുക്കത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ പ്രവർത്തിക്കും. ആംബുലൻസ് സേവനവും ലഭിക്കും.

847 കുത്തിയോട്ടക്കാരാണ് എഴുന്നള്ളത്തിന് അണിനിരക്കുന്നത്. 125 ഗ്രൂപ്പുകളായിട്ടാണ് കുത്തിയോട്ടക്കാർ നീങ്ങുക. എഴുന്നള്ളത്ത് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി ഇറക്കി പൂജ നടക്കും.  പൊങ്കാല ദിവസം തന്നെ താലപ്പൊലി നേർച്ചയും നടക്കും.

ഇത്തവണ പൊങ്കാല www.attukal.org എന്ന വെബ്സൈറ്റിലൂടെയാണ് ലൈവായി കാണാൻ കഴിയും.  തിരുവന്തപുരം നഗരസഭാ പരിധിയില്‍ ബുധനാഴ്ച ഉച്ചക്ക് ശേഷവും വ്യാഴാഴ്ച പൂര്‍ണമായും സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.