ആം ആദ്മി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷം;തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന് കേജരിവാള്‍

single-img
3 March 2015

aapആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായി. കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാനുള്ള ശ്രമമാണു ചില മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നതെന്നു പാര്‍ട്ടി വക്താവ് സഞ്ജയ് സിംഗ് ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നു ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും.

അതേസമയം ആം ആദ്മി പാര്‍ട്ടിയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ വേദനാജനകമാണെന്ന് അരവിന്ദ് കേജരിവാള്‍. പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ കക്ഷിചേരാനില്ലെന്ന് കേജരിവാള്‍ ട്വീറ്റ് ചെയ്തു.

കേജരിവാളിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമാണെന്നു കേജരിവാള്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

കേജരിവാളിനെ പുറത്താക്കാനും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താനും പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ശ്രമിച്ചിരുന്നതായി ആരോപിച്ച് പാര്‍ട്ടി സഹകണ്‍വീനര്‍ ദുര്‍ഗേഷ് പതക് ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്കു കത്തയച്ചിട്ടുണ്ട്.

പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കുന്നതിനോടു കേജരിവാളിനും യോജിപ്പാണെന്നാണു പാര്‍ട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.കേജരിവാളുമായി താന്‍ സംസാരിച്ചിട്ട് ദിവസങ്ങളായി എന്നും പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം വളരുന്നുവെന്നും ഭൂഷണ്‍ പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ താന്‍ തുറന്ന മനസിനുടമയാണെന്നും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.