മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡറുമായ ലഖ്‌വിക്ക് പാകിസ്ഥാന്‍ ജയിലില്‍ മൊബൈലും ഇന്റര്‍നെറ്റും ടെലിവിഷനുമുള്‍പ്പെടെ സുഖവാസ ജീവിതം

single-img
2 March 2015

814972-ZakiurRehmanLakhviAFP-1419978343-951-640x4802008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ ഓപ്പറേഷന്‍സ് കമാന്‍ഡറുമായ സകി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജയിലിനുള്ളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടുകൂടിയുള്ള സുഖവാസജീവിതം. ലോകം കണ്ട ജീവിച്ചിരിക്കുന്ന കൊടുംഭീകരിലൊരാളായ ലഖ്‌വി വിശേഷങ്ങള്‍ ബിബിസി ഉറുദുവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയിലറുടെ ഓഫീസിന് സമീപത്തായി ലഖ്‌വിക്കും മുംബൈ കേസിലെ മറ്റ് പ്രതികളായ അബ്ദുള്‍ വാജിദ്, മസ്ഹര്‍ ഇഖ്ബാല്‍, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ് യൂനിസ് അഞ്ജും എന്നിവര്‍ക്ക് മുറികളൊരുക്കിയിട്ടുണ്ടെന്നും ടെലിവിഷന്‍ കാണുന്നതിനും മൊബൈല്‍ഫോണ്‍,ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്നതിനും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരവധി സന്ദര്‍ശകരെ കാണുന്നതിനും ജയിലറുടെ അനുവാദമുണ്ടെന്നും ബി.ബി.സി വെളിപ്പെടുത്തി. 2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കി 166 കൊലപ്പെടുത്തി എന്ന കുറ്റമാണ് ലഖ്‌വിക്കും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മറ്റെവിടെയും ഇത്തരം ആനുകൂല്യങ്ങള്‍ ജയിലില്‍ ലഭിക്കില്ലെന്നും എന്നാല്‍ പാക്കിസ്താനില്‍ ചില തീവ്രവാദ സംഘടന കമാന്‍ഡര്‍മാര്‍ക്ക് ദേശീയ സുരക്ഷയ്ക്കായി ഭാവിയില്‍ ആവശ്യം വേണ്ടവരെന്ന പരിഗണനയില്‍ ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കപ്പെടുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ബി.ബി.സി പുറത്തു വിട്ടിരിക്കുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാ അത് ഉത് ദവ നേതാവുമായ ഹാഫിസ് സെയ്ദിന്റെ അടുത്ത ആളുമായ ലഖ്‌വി 2008 ഡിസംബറിലാണ് മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്.