കടുവയെയും സിംഹത്തെയും വീട്ടുമൃഗമാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണവകുപ്പ് മന്ത്രി

single-img
2 March 2015

tiger_sitting_majestic-t2വളര്‍ത്തുമൃഗങ്ങളായ ആട്, മാട്, പട്ടി, പൂച്ച തുടങ്ങിയവയെപ്പോലെ കടുവയെയും സിംഹത്തെയും വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മൃഗസംരക്ഷണമന്ത്രി കുസും മെഹ്‌ഡെലെ രംഗത്തെത്തി. മന്ത്രി സംസ്ഥാന വനംവകുപ്പിന് ിതുസംബന്ധിച്് കത്തെഴുതിയിരുന്നു.

തായ്‌ലന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ ഈ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്നുണ്ടെന്നുപറഞ്ഞാണ് മന്ത്രി കത്തെഴുതിയത്. വീട്ടില്‍ വളര്‍ത്തുന്നതിനാല്‍ തായ്‌ലന്റ് പോലുള്ള രാജ്യങ്ങള്‍ളില്‍ ഈ മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായും മന്ത്രി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രകുമാര്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു ഇതു സംബന്ധിച്ചുള്ള അഭിപ്രായമാരാഞ്ഞ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയ്ക്കും കത്തെഴുതിയിട്ടുണ്ട്.

എന്നാല്‍ ഈ കത്ത് ഭോപ്പാലിലെ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ അജയ് ദുബൈ വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയതോടെ മന്ത്രിക്കെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കടുവയെയും മറ്റും വീട്ടില്‍ വളര്‍ത്താന്‍ ഒരിക്കലും അനുവദിക്കരുതെന്ന് അജയ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.