പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ല; ഇ പി ജയരാജനെ തിരുത്തി വൈക്കം വിശ്വന്‍ രംഗത്ത്

single-img
1 March 2015
02-vaikom-viswanകോട്ടയം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പാര്‍ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. പിണറായി വിജയനാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ സിപിഎമ്മില്‍ നിരവധി പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പില്‍ ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്നും ഉള്ള കാര്യം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അതിന് അതിന്റേതായ സമയമുണ്ട്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ചും മറ്റ് സ്ഥാനാര്‍ഥികളെക്കുറിച്ചുമൊക്കെ സിപിഐഎം ആലോചിക്കുക തെരഞ്ഞെടുപ്പു കാലത്താണ്. പിണറായി വിജയന്റെ കാര്യത്തിലും അതിന്റെ സമയത്ത് ചര്‍ച്ച നടക്കും. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.