എ ബ്രില്യന്റ് ഡിവില്ല്യേഴ്‌സ്;കായിക ലോകത്തെ അത്ഭുതപ്രതിഭ

single-img
28 February 2015
AB-DEVILLIERSഅബ്രഹാം ബെഞ്ചമിന്‍ ഡിവില്ല്യേഴ്‌സ് അടുത്തറിയുന്നവര്‍ പറയും ‘ ഡിവില്ല്യേഴ്‌സിന് തുല്യം ഡിവില്ല്യേഴ്‌സ്’ തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യന്‍. കായികലോകത്ത് ഡിവില്ല്യേഴ്‌സ് എന്ന അത്ഭുത പ്രതിഭ കൈവയ്ക്കാത്ത മേഖലകളില്ല. ഏത് കായിക ഇനവും തനിക്ക് വഴങ്ങുമെന്ന് ഈ ദക്ഷിണാഫ്രിക്കക്കാരന്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ക്രിക്കറ്റിനെ കൂടാതെ ഗോള്‍ഫ്, റഗ്ബി, ബാഡ്മിന്റണ്‍, ടെന്നീസ്, നീന്തല്‍, ഹോക്കി ഇങ്ങനെ എല്ലാ കായികഇനങ്ങളിലും ഈ അത്ഭുതപ്രതിഭ തന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റും ഇതിനൊപ്പം കൊണ്ടു പോവുക മാത്രമാണ് ഡിവില്ല്യേഴ്‌സ് ചെയ്തത്.
സ്‌കൂള്‍ ക്രിക്കറ്റ് ടീമംഗമായ ഡിവില്ലേഴ്‌സ് അന്ന് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് റഗ്ബിയാണ്. പക്ഷേ, ഏകാഗ്രത അനിവാര്യമായ ഗോള്‍ഫിലാണ് ഡിവില്ലേഴ്‌സ് ബാല്യത്തില്‍ തന്നെ പേരെടുത്തത്. രസകരമെന്ന് പറയട്ടെ, പതിനാറാം വയസില്‍ ദക്ഷിണാഫ്രിക്കയുടെ ജൂനിയര്‍ ഹോക്കി ടീമംഗമായി ഡിവില്ലേഴ്‌സ്. ഒരേ സമയം ഒന്നിലേറെയല്ല, നാലും അഞ്ചും കായിക ഇനങ്ങളിലാണ് ഡിവില്ലേഴ്‌സിന്റെ ശ്രദ്ധ പതിയുന്നത്. ഇതിനൊക്കെയിടയിലാണ് നീന്തലില്‍ ഒരു കൈ നോക്കിയത്. ദക്ഷിണാഫ്രിക്കയുടെ സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് റെക്കോര്‍ഡുകളാണ് ഡിവില്ലേഴ്‌സ് സ്വന്തമാക്കിയത്. 100 മീറ്ററിലെ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല ! ബാഡ്മിന്റണില്‍ വെറുതെ റാക്കറ്റുമായിറങ്ങിയതല്ല ഡിവില്ലേഴ്‌സ്. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്നു ഇന്ന് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി, സെഞ്ച്വറി, 150 ഇങ്ങനെ മൂന്ന് റെക്കോര്‍ഡും ഇന്നും ഡിവില്ല്യേഴ്‌സിന്റെ പേരില്‍ തന്നെ.
മൈതാനങ്ങളില്‍ മികച്ച കളി പുറത്തെടുക്കുമെങ്കിലും ലോകത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന് മുദ്രകുത്തപ്പെട്ടത് ഡിവില്ല്യേഴ്‌സിന്റെ സ്വന്തം ദക്ഷിണാഫ്രിക്ക തന്നെയാണ്. ലോകകപ്പിലും ഈ നിര്‍ഭാഗ്യം പല തവണ ദക്ഷിണാഫ്രിക്കയെ വിടാതെ പിന്തുടരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ഇത്തവണ തങ്ങളുടെ ടീമിനെ പൂര്‍ണ്ണ വിശ്വാസത്തിലെടുക്കുകയാണ്. കാരണം അവരുടെ പ്രതീക്ഷകള്‍ മുഴുവനും ഡിവില്ല്യേഴ്‌സിലാണ്. ആരെങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ സാധ്യതയെപ്പറ്റി ആരാഞ്ഞാല്‍ ഭൂരിപക്ഷം ആരാധകരും ഒരേ സ്വരത്തില്‍ പറയും ‘ഡിവില്ല്യേഴ്‌സ് ഉള്ളപ്പോള്‍ ഇനി ഞങ്ങള്‍ എന്തിന് പേടിക്കണം’