ആ ചുങ്കൂറ്റത്തിന് മുന്നില്‍ മതതീവ്രവാദികള്‍ മുട്ടുമടക്കി, അശ്വനി ഇനി തന്‍വീറിന് സ്വന്തം

single-img
28 February 2015
muslim_wedding_handsഎല്ലാ എതിര്‍പ്പുകളെയും ചങ്കൂറ്റത്തോടെ നേരിടപ്പോള്‍ അശ്വനി ഒടുവില്‍ തന്‍വീറിന് സ്വന്തം. മതതീവ്രവാദികളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് കാസര്‍ഗോഡ് ചെങ്ങള സന്തോഷ് നഗര്‍ സ്വദേശിയായ തന്‍വീര്‍ അശ്വനിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. മതതീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എറണാകുളം എസ്.എന്‍.വി. സദനം ഹോസ്റ്റലില്‍ കഴിഞ്ഞദിവസം വിവാഹം നടത്തിയത്.ഹൈക്കോടതി രജിസ്ട്രാരുടെ മേല്‍നോട്ടത്തിലായിരുന്നു വിവാഹം. മകളെ തന്‍വീര്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയെ സദനം ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതിനു പിന്നാലെ തങ്ങളെ കൊന്നുകളയുമെന്നു മൊബൈല്‍ ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും മതതീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായി ഇരുവരും കോടതിയെ അറിയിച്ചു.
കാസര്‍ഗോഡ് ബന്ദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിലാണു വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതെങ്കിലും ഭീഷണിയുള്ളതിനാല്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഇതിനാല്‍ വിവാഹം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ദമ്പതികള്‍ക്കു നേരെയുള്ള ഭീഷണി സംബന്ധിച്ച് അന്വേഷണം നടത്തി പോലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.