ഘര്‍ വാപസിക്ക് ആവേശം നല്‍കുന്ന സുപ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു

single-img
27 February 2015

supreme courtഘര്‍ വാപസിക്ക് ആവേശം നല്‍കുന്ന സുപ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.  തലമുറകള്‍ക്ക് മുമ്പ് പട്ടികജാതിയില്‍ നിന്നും മതം മാറിയവരുടെ പരമ്പരയില്‍പ്പെട്ടവര്‍ തിരിച്ച് വരുമ്പോള്‍ അവരുടെ സമുദായം സ്വാഗതം ചെയ്താല്‍ പട്ടിക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നാണ് സുപ്രീംകോടതി ഉത്തരവ്.

മതം മാറിയ വ്യക്തിയുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സമുദായം ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണോ, പൂര്‍വികരുടെ സമുദായത്തിലേക്ക് തന്നെയാണോ പുതുതായി പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന ആള്‍ മടങ്ങിയത്, പഴയ സമുദായം മടങ്ങി വരുന്നവരെ സ്വീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി.

പട്ടികജാതി സംവരണത്തിലൂടെ മലബാര്‍ സിമന്റ്‌സില്‍ നേടിയ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കെപി മനു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

1960ല്‍ ജനിച്ച മനുവിന്റെ ആദ്യ പേര് കെ.പി. ജോണ്‍ എന്നായിരുന്നു. 1984ലാണ് മതം മാറി ഇയാള്‍ മനു എന്ന പേര് സ്വീകരിച്ചിരുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഇയാളെ ജാതിയില്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. തുടര്‍ന്ന് തഹസില്‍ദാറും ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ സിമന്റ്‌സില്‍ മനു നിയമനം നേടിയത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് എസ്. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ പരാതി പരിഗണിച്ച സ്‌ക്രൂട്ടിനി കമ്മിറ്റി മനു പട്ടികജാതി വിഭാഗകാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

ഇതിനെതിരെ അപ്പീല്‍ പോയെങ്കിലും ഹൈക്കൊടതി അത് തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മനുവിന് അനുകൂലമായ വിധി കോടതി പുറപ്പെടുവിക്കുകയായിരുന്നു. എട്ടാഴ്ചക്കകം മനുവിനെ സര്‍വീസില്‍ തിരികെയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.  ഈ വിധി രാജ്യത്ത് ഘര്‍വാപസി നടത്തുന്നവര്‍ക്ക് ആവേശം നല്‍കുന്നതാണ്. മത പരിവര്‍ത്തനം മൂലം നഷ്ടമായ സംവരണം തിരികെ ലഭിക്കും എന്ന അവസ്ഥയാണെങ്കില്‍ പട്ടികജാതി വിഭാഗങ്ങളില്‍ ഇപ്പോൾ നടത്തുന്ന സംഘപരിവാര്‍ പരിശ്രമങ്ങള്‍ വേഗത്തിലുള്ളതായി തീരും.