ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണംതട്ടിയ മലയാളിയെ ഡൽഹി പോലീസ് പിടികൂടി

single-img
27 February 2015

policecapന്യൂഡല്‍ഹി: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണംതട്ടിയ മലയാളി പോലീസ് പിടിയിൽ. എറണാകുളം കടവന്ത്ര സ്വദേശി സതീഷ് നായര്‍(44) ആണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ല് അറസ്റ്റു ചെയ്തത്. ഇയാള്‍ ഹൈദരാബാദിലെ ശ്രീജയ്‌റാം കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി കരോള്‍ബാഗ് ഗഫാര്‍ മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരസ്ഥാപനം നടത്തുന്ന കുല്‍ത്താര്‍ സിങ്ങിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളില്‍നിന്ന് 1.65 ലക്ഷം രൂപ സതീഷ് നായര്‍ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.

ജനവരി 30ന് കുല്‍ത്താര്‍ സിങ്ങിന്റെ കടയില്‍ എത്തി സതീഷ്. താന്‍ ജയ്പ്പുരിലെ ഐ.പി.എസ് ഓഫീസറാണെന്നും ഡല്‍ഹിയിലേക്ക് നിയമനം പ്രതീക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. പഴയ രണ്ട് മൊബൈല്‍ നല്‍കിയ സതീഷ് നായര്‍ അതിനുപകരം കുല്‍ത്താറില്‍നിന്ന് പുതിയ രണ്ടെണ്ണം പണംകൊടുത്തുവാങ്ങി.

അടുത്തതവണത്തെ സന്ദർശനത്തിൽ കുല്‍ത്താര്‍സിങ്ങില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും ഒരുലക്ഷം രൂപയും സതീഷ് നായര്‍ കൈക്കലാക്കി. പിന്നീട് സതീഷുമായി നടന്ന ഫോണ്‍ സംഭാഷണത്തിൽ സംശയംതോന്നി കുല്‍ത്താർ ഇന്റര്‍നെറ്റില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞു. എന്നാല്‍ അതില്‍ സതീഷ് നായരെ കണ്ടെത്താൻ കഴിഞ്ഞില്ല തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്.

ഈമാസം 24-ന് കരോള്‍ബാഗില്‍ കാറില്‍ വരികയായിരുന്ന സതീഷിനെ പിടികൂടുകയായിരുന്നു. കാറില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ യൂണിഫോമും തൊപ്പിയുമെല്ലാമുണ്ടായിരുന്നു. ഇപ്പോൾ ഒഡിഷയില്‍ മദനപ്പല്ലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സീനിയര്‍ റീഡറായിരുന്നു സതീഷ് നായര്‍.