ഐസിസ്‌ ആരാച്ചാര്‍ “ജിഹാദി ജോണ്‍” ബ്രിട്ടീഷ് പൗരൻ

single-img
27 February 2015

Screen Shot 2014-08-20 at 3.53.14 PM.jpgലണ്ടന്‍: ബന്ദികളെ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തുന്ന ഐസിസ്‌ ആരാച്ചാര്‍ കുവൈത്ത്‌ വംശജനായ ബ്രിട്ടീഷ് പൗരൻ. കൊലക്കത്തിയുമായി മുഖംമൂടിയണിഞ്ഞ്‌ ഐസിസിന്റെ കൊലപാതക ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന “ജിഹാദി ജോണ്‍” എന്നറിയപ്പെടുന്ന ഇരുപത്തേഴുകാരൻ മുഹമ്മദ്‌ എംവാസ് ആണെന്ന് തിരിച്ചറിഞ്ഞതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. നേരത്തെ ജിഹാദി ജോണ്‍ ബ്രിട്ടീഷുകാരനാണെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. ബന്ദികളുടെ തലയറുക്കുന്നതിനു മുമ്പുള്ള പ്രഭാഷണത്തിലെ ഉച്ചാരണത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്തായിരുന്നു ഇത്‌.

ജിഹാദി ജോണ്‍ സ്വന്തം പൗരനാണെന്ന് ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 നു നേരത്തേ അറിയാമായിരുന്നെന്നും പ്രത്യേക സാഹചര്യം പരിഗണിച്ചാണ്‌ അതു പരസ്യപ്പെടുത്താതിരുന്നതെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഉദ്ധരിച്ചാണ്‌ ഇയാള്‍ തന്നെയാണു ജിഹാദി ജോണ്‍ എന്ന്‌ ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജയിംസ്‌ ഫോളിയുടെ തലകൊയ്യുന്ന ദൃശ്യങ്ങളെന്ന പേരില്‍ ഐസിസ്‌ കഴിഞ്ഞ ഓഗസ്‌റ്റില്‍ പുറത്തുവിട്ട വീഡിയോയിലാണ്‌ ജിഹാദി ജോണ്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. യു.എസ്‌ പത്രപ്രവര്‍ത്തകന്‍ സ്‌റ്റീഫന്‍ സോട്‌ലോഫ്‌, അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ റഹ്‌മാന്‍ കാസിഗ്‌, ബ്രിട്ടീഷ്‌ സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ്‌ ഹെയ്‌ന്‍സ്‌, ബ്രിട്ടീഷുകാരനായ ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെനിങ്‌,  ജപ്പാന്‍കാരായ ഹരുണ യുകാവ, കെന്‍ജി ഗോട്ടോ തുടങ്ങിയവരെ വധിക്കുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങളെന്ന പേരില്‍ പുറത്തുവന്ന വീഡിയോകളിലും ജിഹാദി ജോണായിരുന്നു ആരാച്ചാര്‍.

നേരത്തേ ടാന്‍സാനിയ വഴി ഐസിസ്‌ താവളത്തിലേക്കു കടക്കാന്‍ ശ്രമിച്ചു പിടിയിലായ ഇയാളെ പിന്നീടു ലണ്ടനില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ്‌ ഇയാള്‍ രണ്ടു വര്‍ഷം മുമ്പ്‌ സൊമാലിയ വഴി സിറിയയിലേക്കു കടന്ന്‌ ഐസിസിന്റെ ഭാഗമായത്‌.