കൊക്കെയ്ന്‍ കേസ് വഴിത്തിരിവിൽ; പ്രതികള്‍ ആരും ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

single-img
27 February 2015

Models Reveal to Police in Kochi Cocaine Case  - Latestകൊച്ചി: കൊക്കെയ്ന്‍ കേസ് വഴിത്തിരിവിൽ. യുവതാരം ഷൈന്‍ ടോം ചാക്കോ ഉൾപെടെ കേസില്‍ പിടിയിലായ പ്രതികള്‍ ആരും ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പ്രാഥമിക രക്ത പരിശോധനാ ഫലം. കാക്കനാടുള്ള റീജണല്‍ കെമിക്കല്‍ ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ രക്തത്തില്‍ കൊക്കെയ്‌നിന്റെ അംശം ഇല്ലെന്ന് കണ്ടെത്തിയത്. പ്രതികളുടെ രക്തപരിശോധനാ റിപ്പോര്‍ട്ട് ലാബ് അധികൃതര്‍ ജില്ലാ സെഷന്‍സ് കോടതിക്കും പോലീസിനും കൈമാറി.

പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കേസുകളുടെ ബലം കുറയ്ക്കും എന്നാണ് സൂചന. പൊലീസ് കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണോ, പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്നീ രണ്ടു കാര്യങ്ങളാണ് പൊലീസ് മുഖ്യമായും അന്വേഷിച്ചത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇരുവരും കുറ്റവിമുക്തരായതൊടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് ഉറപ്പായി.

അതേസമയം, കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ ഈ പരിശോധന കൊണ്ട് മാത്രമാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. പ്രതികള്‍ പിടിയിലായ ഉടന്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാവുന്ന പരിശോധന എന്ന നിലയിലാണ് കാക്കനാട്ടെ ലാബില്‍ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചത്.

കൊക്കെയ്ന്‍ ശരീരത്തിലെത്തിയാല്‍ എഗോണൈന്‍ എന്ന രൂപത്തിലേക്ക് മാറുമെന്നും ഇത് കണ്ടെത്താന്‍ എച്ച്.പി.എല്‍.സി വിദഗ്ദ്ധ പരിശോധന വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്തസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലബോട്ടറിയിലേക്ക് അയയ്ക്കാനാണ് പോലീസിന്റെ നീക്കം. പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ലഭ്യമാക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കുമായി അന്വേഷണ സംഘം സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച അപേക്ഷ നല്‍കിയിട്ടുണ്ട്.