പാരിസിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവം; മൂന്ന് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
26 February 2015

parisപാരിസ്: പാരിസിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാരിസ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരുന്നു ഇവരുടെ അറസ്റ്റ്. മൂന്നുപേര്‍ക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.  കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട മറ്റ് ഡ്രോണുകളുമായി ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

എന്നാല്‍ ദുരൂഹമായ ഡ്രോണുകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കുമ്പോഴാണ് തങ്ങളുടെ ലേഖകരെ പിടിച്ചതെന്ന് അല്‍ജസീറ ട്വീറ്റ് ചെയ്തു. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അല്‍ജസീറ വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി 11നും ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനുമിടയില്‍ അഞ്ചു തവണയാണ് ഡ്രോണുകള്‍ ഈഫല്‍ ടവര്‍, സൈനിക മ്യൂസിയം എന്നിവ ഉള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കു മുകളില്‍ പറന്നത്.  തിങ്കളാഴ്ച രാത്രി ഈഫല്‍ ടവറിനും യു.എസ് എംബസിക്കും മുകളില്‍ അഞ്ചു ഡ്രോണുകളെ കണ്ടെത്തിയിരുന്നു. അഞ്ചു തവണയും കണ്ടത് ഒരേ ഡ്രോണ്‍ തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇവയില്‍ ചിലതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.