കെടുതികള്‍ക്കിടയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അഫ്ഗാന് ലോകകപ്പില്‍ ചരിത്രവിജയം

single-img
26 February 2015

CRICKET-WC-2015-AFG-SCOഡുനെഡിന്‍: സമി ഷെന്‍വാരിയുടെ ഒറ്റയാന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന് ലോകകപ്പിലെ നാടകീയ ജയം. ഈ വിജയം അഫ്ഗാന്റെ കന്നി ലോകകപ്പ് വിജയമാണ്. ന്യൂസിലന്റിനെ വിരട്ടിവിട്ട സ്‌കോട്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റിനാണ് അഫ്ഗാന്‍ വിജയിച്ചത്. സ്‌കോട്‌ലന്‍ഡിന്റെ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന്‍ 98 റൺസ് നേടുന്നതിന് മുമ്പ് അവരുടെ 7 മുൻ നിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 147 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയുടെ ചെറുത്ത് നിൽപ്പാണ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 49.3 ഓവറില്‍ ലക്ഷ്യം കാണാൻ സാധിച്ചത്.  51 റണ്‍സെടുത്ത ഓപ്പണര്‍ ജാവേദ് അഹ്മദിയും അഫ്ഗാന്‍ ബാറ്റിങ്ങില്‍ തിളങ്ങി.  ഷെന്‍വാരി തന്നെയാണ് കളിയിലെ കേമനും.

അഫ്ഗാന്‍ നിരയില്‍ നാലു പേര്‍ മാത്രമാണ് വ്യക്തികത സ്‌കോര്‍ രണ്ടക്കം കടത്തിയത്. 47-ാമത്തെ ഓവറില്‍ സമിയുള്ള പുറത്തായെങ്കിലും വാലറ്റം ശ്രദ്ധയോടെ ബാറ്റ് ചെയ്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു. 12 റണ്‍സുമായി സര്‍ദാനും 15 റണ്‍സുമായി ഹസ്സനും പുറത്താകാതെ നിന്നു. 132 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു അഫ്ഗാന്റെ നാടകീയ തിരിച്ചു വരവ്.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അഫ്ഗാന്‍ പേസര്‍മാരെ നേരിടുന്നതില്‍ സ്‌കോട്‌ലന്‍ഡ് പരാജയപ്പെട്ടു. 95 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായ സ്‌കോട്‌ലന്‍ഡിനെ വാലറ്റക്കാരാണ് 200 കടത്തിയത്. മാറ്റ് മക്കാനും മാജിദ് ഹഖും 31 റണ്‍സ് വീതമെടുത്തു. ഇവാന്‍സ് 28 റണ്‍സ് നേടി.

റിച്ചി ബറിങ്ടണും കെയ്ല്‍ കോട്‌സറും 25 വീതവും ക്യാപ്റ്റന്‍ മോംസണ്‍ 23 റണ്‍സുമെടുത്തു. അഫ്ഗാന്റെ ഷാപൂര്‍ 38 റണ്‍സ് വഴങ്ങി നാലും ദൗലത് 29 റണ്‍സ് വിട്ടുനല്‍കി മൂന്നും വിക്കറ്റെടുത്തു.