‘ഓപ്പറേഷന്‍ സുരക്ഷ’; ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് എത്തുന്നു

single-img
26 February 2015

Ramesh-Chennithalaതിരുവനന്തപുരം: ഗുണ്ടാ മാഫിയകളെയും അക്രമികളെയും അമര്‍ച്ചചെയ്യാന്‍ ആഭ്യന്തര വകുപ്പ് ‘ഓപ്പറേഷന്‍ സുരക്ഷ’യുമായി എത്തുന്നു. ബുധനാഴ്ചരാത്രി പത്തിനാണ്  പ്രത്യേക ‘ഓപ്പറേഷൻ ആരംഭിച്ചത്. വിവിധ ജില്ലകളിലായി 1769 പേരാണ് ഒറ്റരാത്രികൊണ്ട് അറസ്റ്റിലായതെന്ന് മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് 1090 എന്ന നമ്പരില്‍ കുറ്റകൃത്യവിവരം പോലീസിനെ അറിയിക്കാം. എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ സുരക്ഷ നടപ്പാക്കുന്നത്.  വിളിക്കുന്നയാളുടെ വിവരം നല്‍കേണ്ടതില്ല. കൊള്ളപ്പലിശക്കാരെ പിടിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയുടെ വിജയവും ജനങ്ങളില്‍നിന്ന് ലഭിച്ച സ്വീകാര്യതയുമാണ് പുതിയനീക്കത്തിന് പ്രചോദനമായതെന്ന് മന്ത്രി പറഞ്ഞു.

പരാതി പരിശോധിച്ച് പൊലീസ് നടപടി എടുക്കും. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും മണല്‍, മണ്ണ് മാഫിയാ ബന്ധമുള്ളവര്‍ക്കുമെതിരെ ഗുണ്ടാ ആക്ട് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ കാപ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. ജാമ്യമെടുത്ത് മുങ്ങിനടക്കുന്നവരെ പിടികൂടും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കും. ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള രൂപരേഖ ആഭ്യന്തര വകുപ്പ് തയാറാക്കിയിട്ടുണ്ട്. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ പിടികൂടി കര്‍ശന വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കും. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും കേസെടുക്കുക. ഗുണ്ടകളുമായും മണല്‍ മാഫിയകളുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.