നിയമന തട്ടിപ്പ്; മധ്യപ്രദേശ് ഗവര്‍ണര്‍ രാജിവെച്ചു

single-img
26 February 2015

ram-naresh-yadavഭോപ്പാല്‍: നിയമന തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജിവെച്ചു. അദ്ദേഹം സ്ഥാനമൊഴിയുന്നതായി അറിയിച്ച് കത്ത് രാഷ്ട്രപതിക്ക് അയച്ചു. വനംവകുപ്പിന്റെ ഗാര്‍ഡുമാരുടെ നിയമനത്തില്‍ വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ കേസെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇദ്ദേഹത്തോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് നല്‍കാനും ഗവര്‍ണറുടെ ഓഫിസിന് മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് രാജി.

ഗവര്‍ണര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നാണ് വിലയിരുത്തല്‍. അഴിമതിയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനും പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുകയാണ്. ചൗഹാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നിയമസഭ സ്തംഭിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ യാദവിനെ 2011-ല്‍ യു.പി.എ സര്‍ക്കാറാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിക്കുന്നത്. 2016 സപ്തംബര്‍ വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.

വനംവകുപ്പില്‍ ഗാര്‍ഡുമാരായി മൂന്നുപേരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്‌തെന്നായിരുന്നു യാദവിനെതിരായ ആരോപണം. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമന ബോര്‍ഡായ എം.പി.പി.ഇ.ബി നടത്തിയ എഴുത്തുപരീക്ഷയില്‍ ഇവരുടെ ജയം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.