173 ദിവസത്തിനുള്ളില്‍ വൈദ്യുതി മോഷണക്കേസുകളില്‍ ഋഷിരാജ് സിംഗ് പിഴചുമത്തിയത് 23 കോടി രൂപ

single-img
26 February 2015

Rishiraj-Singh

കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസറായി ചുമതലയേറ്റ് 173 ദിവസത്തിനുള്ളില്‍ വൈദ്യുതി മോഷണക്കേസുകളില്‍ ഋഷിരാജ് സിംഗ് പിഴചുമത്തിയത് 23 കോടി രൂപ. ഋഷിരാജ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം 12 മുതല്‍ 20 ലക്ഷം രൂപവരെ പിഴ ഈടാക്കുന്നുണ്ടെന്നും പിഴ അടച്ചാല്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുകയുള്ളു എന്നുള്ളതുമാണ് തന്റെ രീതി. അതിനാല്‍തശന്ന മുഴുവന്‍ തുകയും ബോര്‍ഡിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്, മെക്കാനിക് മീറ്ററുകളില്‍ എക്‌സേ കടത്തിയും കാന്തം വച്ചുമാണു വൈദ്യുതിമോഷണങ്ങള്‍ കൂടുതലും നടക്കുന്നത്. എന്നാല്‍ തികച്ചും അതിശയകരമായ കാര്യം എന്നു പറയുന്നത് ഈ മോഷ്ടാക്കളെല്ലാം നല്ല സാമ്പത്തികമുള്ളവരാണെന്നുള്ളതാണ്. കൊല്ലത്തു നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപയിലേറെ പിഴ ചുമത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

വൈദ്യുതി മോഷണം ബോര്‍ഡിലെ ജീവനക്കാരുടെ സഹായത്തോടെയാണു എന്ന പ്രചാരണം ശരിയല്ലെന്നും വൈദ്യുതി രംഗത്തെക്കുറിച്ച് അത്യാവശ്യം ധാരണ ഉള്ളവര്‍ക്കും മോഷണം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും വീടുകളില്‍ വൈദ്യുതി മോഷണം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇനിമുതല്‍ വൈദ്യുതി മോഷണം നടക്കുന്ന വിവരം അറിയിക്കുന്നവര്‍ക്കു പിഴയുടെ തോത് അനുസരിച്ച് 50000 രൂപവരെ പാരിതോഷികം നല്‍കണമെന്നു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.