23 വര്‍ഷത്തെ കഠിനപ്രയത്നം കൊണ്ട് തരിശു ഭൂമിയെ വന്യജീവിസങ്കേതമാക്കി മാറ്റിയ ദമ്പതികൾ

single-img
25 February 2015

forest-coupleവികസനത്തിന്റെ പേരു പറഞ്ഞ് കാടും വയലുകളും നശിപ്പിച്ച് കളയുന്ന സമൂഹത്തിൽ നിന്നും വ്യത്യസ്തരായി വരും തലമുറയ്ക്ക് പ്രകൃതിയുടെ നല്ലപാഠമൊരുക്കി നൽകുകയാണ് ഡോക്ടര്‍ അനില്‍ മല്‍ഹോത്ര പ്രമീളാ ദമ്പതികള്‍. മടുപ്പിക്കുന്ന വിദേശവാസവും നഗരജീവിതത്തിലെ തിരക്കിലും മലിനീകരണത്തിലും മനംമടുത്തപ്പോഴാണ് ഇവർ പ്രകൃതിയിൽ തങ്ങൾക്കായി ഒരിടം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. എന്നാൽ മനുഷ്യന്റെ വികസനമെന്ന സ്വാര്‍ത്ഥ തത്പര്യത്താൽ കാടു കൈയ്യേറി നാടാക്കിയത് ഇവരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി.

തുടർന്ന് അരുവിയുടെ തീരത്ത് മരത്തണലില്‍ കിളികളുടെ പാട്ട് കേൾക്കുന്നതിനായി ഒരു സ്വപ്നഭൂമി സ്വന്തമായി നിര്‍മ്മിച്ചാല്‍ എന്താ എന്ന തോന്നലിലാണ് ഇവര്‍ ഹിമാലയത്തിലേക്ക് വണ്ടികയറുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയിലെ ഭൂപരിധി നിയമം തങ്ങളുടെ സ്വപ്നങ്ങൾക്ക് വീണ്ടും തടസ്സമായതോടെ തെക്കേ ഇന്ത്യയിലേക്ക് ഇവർ യാത്ര തിരിച്ചു.

ഒടുവിൽ തങ്ങള്‍ സ്വപ്നം കണ്ടതുപോലെയൊരു സ്വര്‍ഗ്ഗത്തിന് പറ്റിയ ഭൂമി കേരളകര്‍ണ്ണാടക അതിര്‍ത്തിയ്ക്ക് അടുത്തുള്ള കുടകില്‍ കണ്ടെത്തി. ഉപയോഗശൂന്യമായി ഇട്ടിരുന്ന 55 ഏക്കര്‍ തരിശുഭൂമി ഇവര്‍ സ്വന്തമാക്കി. അവിടെ മരങ്ങള്‍ ഓരോന്നായി വെച്ചു പിടിപ്പിച്ചും ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു കളയാതെ സംരക്ഷിച്ചും തങ്ങളുടെ സ്വപനത്തെ അവർ യാഥാർഥ്യമാക്കി.

for1991ല്‍ വാങ്ങിയ തരിശു ഭൂമി 23 വര്‍ഷം കൊണ്ട് മാറി മറിഞ്ഞു. പിന്നീടത് 300 ഏക്കറാക്കി വികസിപ്പിച്ചു. ഇപ്പോൾ ആന, കലമാന്‍, കടുവ, ചെന്നായ് തുടങ്ങിയ ജീവികള്‍ ഈ കാട്ടിലെ അന്തേവാസികളായി മാറി. അന്യം നിന്നു പോകാവുന്ന നിരവധി ഫലവൃക്ഷങ്ങളും ചെടികളും ഇന്നീ കാട്ടിലുണ്ട്.

മഴ കൂടി കനിഞ്ഞതോടെ ഇവര്‍ സ്വപ്നം കണ്ടതുപോലെ നീര്‍ച്ചോലയും കാലന്തരത്തില്‍ രൂപപ്പെട്ടു. മൃഗങ്ങള്‍ക്ക് യഥേഷ്ടം വെള്ളം കുടിക്കാവുന്ന ജലസംഭരണിയായി ഇത് മാറി. സേവ് അനിമല്‍ ഇന്‍ഷ്യേറ്റീവ് അഥവാ സായ് എന്ന് അറിയപ്പെടുന്ന വന്യമൃഗ സങ്കേതത്തിന് 2014ല്‍ ഏഷ്യയിലെ വൈല്‍ഡ് ലൈഫ് ആന്‍ഡ് ടൂറിസം ഇന്‍ഷ്യേറ്റീവ് അവാര്‍ഡും ലഭിച്ചു.