Movie Reviews

ഹരം പ്രേക്ഷകന് ഹരം പകരുമോ?

haramതിരിച്ചറിയാനാവാത്ത പൊരുത്തക്കേടുകളാണ് പല വിവാഹ ദുരന്തങ്ങള്‍ക്കും കാരണമെന്ന തിരിച്ചറിവാണ് ഹരം  ഓരോ പ്രേക്ഷനും നല്‍കുന്നത്. തുടക്കത്തിലെ ന്യൂജനറഷേന്‍ തമാശകളൊക്കെ കാണുമ്പോള്‍ ചിത്രത്തിന്റെ ഗതി  പക്കാ അശ്ലീലമാകുമെന്ന് കരുതുമെങ്കിലും ആ വഴിയല്ല ചിത്രത്തിന്റെ യാത്ര .  ചിലപ്പോഴെങ്കിലും ശരാശരി പ്രേക്ഷകന് ദഹിക്കാനാവാത്ത വിധമാണ് സിനിമയുടെ യാത്ര. ഒരു പ്രണയം മരിക്കുന്നത് കാക്കകള്‍ മരിക്കുന്നത് പോലെയാണ്. രണ്ടും ആരും അറിയുന്നില്ല.

ഒരുമിച്ചു ദുഖിക്കുന്നതിനേക്കാള്‍ നല്ലത് ഒറ്റയ്ക്ക് ദുഖിക്കുന്നതാണ്. പ്രണയം സന്തോഷമാണ് നല്‍കുന്നതെങ്കില്‍ സന്തോഷം നല്‍കുന്നത് ചെയ്യുക. നീ എന്നെ വെറുത്തോളൂ, പക്ഷെ പ്രണയത്തെ ഒരിക്കലും വെറുക്കരുത് തുടങ്ങിയതെല്ലാം സിനിമയുടെ ആത്മാവ് തൊട്ടുള്ള വര്‍ത്തമാനങ്ങളാണ്.   ബാലുവിലൂടെ ഗംഭീരമായ ചില ആശയങ്ങള്‍ തന്നെയാണ് സംവിധായകന്‍ വിനോദ് സുകുമാരന്‍ പറയാന്‍ ആഗ്രഹിച്ചത്. പക്ഷെ വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ ആശയഗാംഭീര്യം  ചെറുതായെങ്കിലും ചോര്‍ന്ന് പോയി.  കൊമേഴ്‌സ്യല്‍ സിനിമയുടെ ചേരുവകള്‍ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകന്‍ ഹരം കൊള്ളില്ല ചിത്രം കണ്ടിറങ്ങുമ്പോള്‍.

അവനവനിലേക്ക് തന്നെ ഉള്‍വലിയുന്ന യുവത്വത്തിന്റെ കഥയാണ് ഹരം. കോഫികുടിക്കുന്ന ലാഘവത്തോടെ പ്രണയിക്കുകയും കോഫീഷോപ്പില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ വിവാഹമോചനം നേടുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ഇഷയും ബാലുവും. ഇടത് ആശയങ്ങളില്‍ വിശ്വാസിക്കുകയും സാഹചര്യങ്ങള്‍ കൊണ്ട് കോര്‍പ്പറേറ്റ് ലോകത്തിലെ അംഗമായി പോവുകയും ചെയ്യുന്ന വ്യക്തിയാണ് ബാലു. പ്രണയിക്കുന്ന സമയത്ത് ബാലുവിന്റെ ആശയങ്ങളെ പ്രണയിക്കുകയും അവന്റെ സ്വപ്നങ്ങളിലെ നായികയെപ്പോലെ ആകാനും മനസ്സുകൊണ്ട് തയ്യാറാകുന്നവളാണ്  ഇഷയെങ്കിലും  ഒന്നിച്ച് ജീവിക്കുമ്പോഴാണ്   ഒരിക്കലും യോജിച്ച് പോകാനാകാത്ത ഒരു കൂട്ടം പൊരുത്തക്കേടുകളാണ് തങ്ങളെന്ന് ഇരുവര്‍ക്കും തോന്നലുണ്ടാകുന്നത്. ആ പൊരുത്തക്കേടുകളെന്തെന്ന് തിരിച്ചറിയാന്‍  മാത്രം  അവര്‍ക്കാകുന്നുമില്ല. ബന്ധങ്ങളുടെ തകര്‍ച്ചയില്‍ ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല  ചിത്രമെന്നതും എടുത്ത് പറയേണ്ടതാണ്.

ഇഷയുടെയും ബാലുവിന്റെയും ജീവിതത്തിന് സമാനമായി ചേരിയില്‍ ജീവിക്കുന്ന രണ്ടു ദമ്പതികളുടെ കഥയും സിനിമയിലുണ്ട്. എന്നാല്‍  രാജശ്രീ ദേശ് പാണ്ഡേയുടെ  കഥാപാത്രത്തെ കൂടുതല്‍ വ്യക്തമായി  പ്രേക്ഷകരിലേക്കെത്തിക്കുവാന്‍  സംവിധായകന് കഴിഞ്ഞിട്ടില്ല. അഭിനയത്തിന്റെ കാര്യമെടുത്താല്‍ ബാലുവിന്റെ അരക്ഷിതാവസ്ഥയും വീര്‍പ്പുമുട്ടലുകളുമെല്ലാം ഭംഗിയായി തന്നെ ഫഹദ് അവതരിപ്പിച്ചു, ചുണ്ടനക്കത്തില്‍ രാധിക ആദ്യം ഒന്ന് പിഴച്ചെങ്കിലും തുടര്‍ന്നുള്ള കഥാഗതിയില്‍ പ്രശ്‌നങ്ങളിലാതെ പോകുന്നുണ്ട്. ഫഗദ് വീണ്ടും ചുംബനനായകനാകുന്നു ചിത്രത്തിലൂടെ .ഒപ്പം മടക്കിക്കെട്ടി വച്ചിരുന്ന ബോക്‌സര്‍ വീണ്ടുമെടുത്തണിഞ്ഞ് ഇംഗ്ലീഷില്‍ തെറി പറയുന്നുവെന്നതും  ചിത്രത്തിന്റെ പോരായ്മയാണ്.

2001 ല്‍ പുറത്തിറങ്ങിയ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഡോക്യുമെന്ററിയിലൂടെ ബെസ്റ്റ് നോണ്‍ ഫീച്ചര്‍ ഫിലിം സംവിധായകനുള്ള ദേശീയ പുരസ്‌കാരവും, ശ്യാമപ്രസാദ് ചിത്രമായ ഒരേ കടലിന്റെ ചിത്രസംയോജനത്തിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ച വിനോദ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹരം.