നിയമന തട്ടിപ്പ്; മധ്യപ്രദേശ് ഗവര്‍ണറോട് രാജിവെയ്ക്കാന്‍ നിർദ്ദേശം

single-img
25 February 2015

ram-naresh-yadavന്യൂഡല്‍ഹി: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഗവര്‍ണർ ഉൾപെടെ 70 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പുപ്രകാരം ഗവര്‍ണര്‍ക്കെതിരെ വഞ്ചനക്കുറ്റവും ചുമത്തി. 2013ലാണ് കോടികളുടെ പരീക്ഷാ തട്ടിപ്പ് നടന്നത്.

ഫോറസ്റ്റ് ഗാര്‍ഡ് പോസ്റ്റിലേക്കു വേണ്ടി അപേക്ഷിച്ചവരില്‍ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. ഗവര്‍ണര്‍ തന്റെ ലെറ്റര്‍ഹെഡ് ഉപയോഗിച്ച് മത്സരാര്‍ത്ഥികളെ ശിപാര്‍ശ ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. 2011ലാണ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായി ചുമതലയേറ്റത്.

കേസില്‍ യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ പങ്കും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ കേസെടുത്തുവെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാനും സംഭവത്തില്‍ പങ്കുണ്ടെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങളായി നിയമസഭയില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവര്‍ണര്‍ ഇറങ്ങിപ്പോയിരുന്നു.

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡായ വ്യാപത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ഉദ്യോഗാര്‍ഥികള്‍ മത്സര പരീക്ഷ എഴുതാതെ നിയമനപട്ടികയില്‍ കയറിപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്.