ആസിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

single-img
24 February 2015

asiaപടിഞ്ഞാറത്തറ: ആസിയ വധക്കേസിൽ പ്രതി ഇബ്രാഹിമിന് (30) ജീവപര്യന്തം തടവും 30,000 രൂപ പിഴയും വിധിച്ചു.  വീട്ടിക്കാമൂല ടീച്ചര്‍മുക്കില്‍ ആസിയയെ കൊലപ്പെടുത്തുകയും മകന്‍ മുഹമ്മദ് ഷാഫിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് പ്രതിക്ക് കല്‍പറ്റ അഡി. സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി സി. ബാലന്‍ ആണ് ശിക്ഷ വിധിച്ചത്.

പ്രതി പിഴയടക്കുകയാണെങ്കില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷാഫിക്ക് നല്‍കാനും ഉത്തരവിട്ടു. 2007 ജനുവരി 31ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

താമസിച്ചിരുന്ന ഷെഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആസിയ യെയും മകനെയും കൊലപ്പെടുത്തിയ ശേഷം മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയ പ്രതികള്‍ കൈവശമുണ്ടായിരുന്ന പിക്കാസ് കൊണ്ടും ഇരുമ്പു പാരകൊണ്ടും മകനേയും ആസിയയെയും തലക്കടിക്കുകയായിരുന്നു. അടിയിൽ ആസിയ മരണപ്പെടുകയായിരുന്നു. കേസിന്‍െറ വിചാരണ മധ്യേ രണ്ടാംപ്രതി ആക്കൂല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയി.

പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ ഒരുഭാഗം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുകയും ബാക്കി സ്വര്‍ണം ഒന്നാംപ്രതിയുടെ വീട്ടില്‍ ഒളിപ്പിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച പാര സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ 30 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും 30 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.