ആപ്പിള്‍ ട്രീ ചിട്ടി തട്ടിപ്പു കേസ്; ഡിസിസി അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു

single-img
24 February 2015

handcuffsആറന്മുള: ആപ്പിള്‍ ട്രീ ചിട്ടി തട്ടിപ്പു കേസിലെ രണ്ടാംപ്രതിയായ കോട്ടയം ഡിസിസി അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ചങ്ങനാശേരിയില്‍നിന്നുമാണ് ചങ്ങനാശേരി കാഞ്ഞിരത്തുംമൂട്ടില്‍ കെ.ജെ ജയിംസിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയ ശേഷം അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു.

ഇലവുംതിട്ട അക്കരകുന്നത്ത് വേണു, ഭാര്യ അനിത എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചിട്ടിക്കമ്പനി ഉടമ ശങ്കര്‍ ജി. ദാസിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ചിട്ടിക്കമ്പനിയുടെ ചെയര്‍മാനായിട്ടാണ് കെ.ജെ. ജയിംസ് കമ്പനി രേഖകളില്‍ ഉള്ളതെന്നു പൊലീസ് പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജയിംസിനെ ഈ വിവാദങ്ങളെത്തുടര്‍ന്ന് സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
ഇദ്ദേഹത്തിനെതിരെ ഐപിസി 420, 34 വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.

പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കെ.ജെ ജയിംസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറന്മുള പൊലീസ് സ്‌റ്റേഷനിൽ സംഘർഷം സൃഷ്ടിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന അവസരത്തില്‍ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു.