കേരള കോണ്‍ഗ്രസിന് നേര്‍ക്ക് കത്തോലിക്കാസഭയുടെ ഒളിയമ്പ്, ബാര്‍ കോഴയില്‍ രൂക്ഷവിമര്‍ശനം

single-img
24 February 2015
Bar kozhaബാര്‍ കോഴ വിഷയത്തില്‍ കേരള കോണ്‍ഗ്രസിനെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് കത്തോലിക്കാ സഭ. തെളിവും സാക്ഷികളും രേഖയുമില്ലെങ്കിലും കോഴ കൊടുക്കുന്നവനും വാങ്ങുന്നവനും സാമൂഹ്യദ്രോഹികളും കുറ്റവാളികളുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രസിദ്ധീകരണമായ ‘ലെയ്റ്റി വോയ്‌സ് ‘ പുതിയ ലക്കത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തെയും മാസിക പരിഹസിക്കുന്നുണ്ട്.
മദ്യമാഫിയാ സംഘങ്ങളും അധോലോക അവതാരങ്ങളും മാത്രമല്ല, മദിരാക്ഷിക്കൂട്ടങ്ങളും ചേര്‍ന്നാണ് നാടു ഭരിക്കുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. അഴമിതിയെ ആശ്‌ളേഷിക്കാനോ വെള്ള പൂശാനോ ക്രൈസ്തവ വിശ്വാസികള്‍ക്കാകില്ല. കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും അഴിമതിയുടെ ദുര്‍ഗന്ധവും കണ്ണികളും നിറഞ്ഞു. ഗ്രൂപ്പുകളായി തമ്മിലടിക്കുന്ന കര്‍ഷക പാര്‍ട്ടികള്‍ എന്നാണ് കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. റബര്‍ ഇറക്കുമതിക്കെതിരെ വഴിപാട് സമരമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു.
കര്‍ഷക പാര്‍ട്ടികളില്‍ അധികാര കൊതിയുള്ള അല്‍പ്പന്മാര്‍ മാത്രമേയുള്ളുവെന്നും പരിഹസിക്കുന്നുണ്ട്. അദ്ധ്വാനവര്‍ഗ സിദ്ധാന്തം ചവച്ചരച്ചു തിന്നാല്‍ മണ്ണില്‍ പണിയെടുക്കുന്നവന്റെ വിശപ്പ് മാറുമോയെന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.