വി.എസ് വിവാദ നായകനാകുമോ? സി.പി.എം സമ്മേളനം ബഹിഷ്‌ക്കരിച്ച വിഎസ് സിപിഐ സമ്മേളനത്തില്‍ പങ്കെടുക്കും

single-img
24 February 2015

VS Aആലപ്പുഴയില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദന്‍ കോട്ടയത്ത് നടക്കുന്ന സി.പിഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടയത്ത് നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വി.എസ് പങ്കെടുക്കുന്നത്. കേരള വികസനം പുതിയ പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ തിരുനക്കര മൈതാനത്ത് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് വി.എസ് എത്തുന്നത്. സി.പി.എം സമ്മേളനം ബഹിഷ്‌കരിച്ച വി.എസ് സി.പി.ഐ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഏറെ കൗതുകത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കികാണുന്നത്.

സി.പി.എം സമ്മേളനത്തിലെ പൊതു ചര്‍ച്ചയ്ക്കിടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വി.എസ് ബഹിഷ്‌കരണം നടത്തിയത്. പിന്നീട് സി.പി.എം സമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. തിരിച്ചുവരണമെന്ന് പാര്‍ട്ടി അന്ത്യശാസനം നല്‍കിയെങ്കിലും വി.എസ് സമാപനസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം പോലും ലംഘിച്ച വി.എസിനെ സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.