ശിവഭഗവാന്‍ ഇസ്ലാമിന്റെ ആദ്യ പ്രവാചകനായിരുന്നുവെന്ന മുഫ്തി മുഹമ്മദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഹമ്മദ് നബിയാണ് ഏറ്റവും വലിയ യോഗിയെന്ന് ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി

single-img
23 February 2015

JOSHI_1047364fശിവഭഗവാന്‍ ഇസ്ലാമിന്റെ ആദ്യ പ്രവാചകനായിരുന്നുവെന്ന ജമിയത്ത് ഉലെമാ പണ്ഡിതന്‍ മുഫ്തി മുഹമ്മദ് ഇല്യാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഹമ്മദ് നബിയാണ് ഏറ്റവും വലിയ യോഗിയെന്ന് ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. നിസ്‌കാരത്തിന്റെ രൂപത്തില്‍ മുസ്ലീം സഹോദരന്‍മാര്‍ ദിവസം അഞ്ച് നേരം യോഗ ചെയ്യുന്നുണ്ടെന്നും ജോഷി പറഞ്ഞു.

സാധാരണക്കാര്‍ക്കിടയിലും യോഗയ്ക്ക് പ്രചാരം ലഭിക്കുന്നത് രാജ്യത്ത് ബലാത്സംഗങ്ങള്‍ കുറയാന്‍ സഹായിക്കുമെന്നും ജോഷി പറഞ്ഞു. ‘ദ അയ്യങ്കാര്‍ വേ യോഗ ഫോര്‍ ദ ന്യൂ മില്ലേനിയം’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ചെയ്തതുകൊണ്ട് ബലാത്സംഗങ്ങള്‍ ഇല്ലാതാകില്ലെന്നും പക്ഷേ അത് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമാധാനവും സാമൂഹിക അച്ചടക്കവും സമൃദ്ധിയും കൊണ്ടുവരാന്‍ യോഗയ്ക്ക് സാധിക്കും. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലയിലും യോഗ ഉള്‍പ്പെടുത്തണമെന്നും ജോഷി പറഞ്ഞു. ന്യൂയോര്‍ക്കില്‍ മഹേഷ്‌യോഗി നടത്തിയ പരീക്ഷണത്തില്‍ യോഗയുടെ പ്രചാരത്തിലൂടെ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി എന്നും അദ്ദേഹം സൂചിപ്പിച്ചു.