തീയില്‍ കുരുത്ത് വെയിലത്ത് വാടാത്ത പിണറായിയിലെ സഖാവ്; 14 വര്‍ഷം പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ച സ.പിണറായി വിജയന്‍ സെക്രട്ടറിസ്ഥാനത്തു നിന്നും പടിയിറങ്ങി

single-img
23 February 2015

PINARAYI VIJAYAN

സി.പി.എമ്മിനെ ഏറ്റവും കടുതല്‍ കാലം മുന്നില്‍ നിന്നും നയിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തല്‍സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. പാര്‍ട്ടി സംവിധാനം ഏറ്റവും കൂടുതല്‍ പ്രതിസന്ധികളും വിമര്‍ശനങ്ങളും നേരിട്ട കാലഘട്ടത്തിലെ നായകന്‍ എന്ന പേരിലാകും പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ പിണറായിയിലെ സഖാവ് ഇനി അറിയപ്പെടുക. ഒരുവര്‍ഷം കഴിഞ്ഞ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നേതൃസ്ഥാനവും സംസ്ഥാനത്തിന്റെ ഭരണനേതൃത്വവും വഹിക്കാനുള്ള തയ്യാറെടുപ്പാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറുന്നതിലൂടെ അദ്ദേഹത്തില്‍ നിക്ഷിപ്തമാകുക.

1998 ല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്നാണ് പിണറായി അമരക്കാരായത്. തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും പിണറായി എതിരാളികളില്ലാതെ തലയെടുപ്പോടുകൂടിതന്നെ പാര്‍ട്ടിയെ നയിച്ചു. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ സെക്രട്ടറി എന്നുള്ള വിശേഷണവും പിണറായിവിജയന് സ്വന്തമാണ്. തിരുവനന്തപുരം സമ്മേളനത്തിനു ശേഷം സംഭവിച്ച ചന്ദ്രശേഖരന്‍ വധക്കേസും കൂട്ടുകക്ഷികളുടെ മുന്നണി മാറ്റവുമെല്ലാം പാര്‍ട്ടിക്കൊപ്പം കേരളത്തെയും പിടിച്ചു കുലുക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ സി.പി.എം നാമാവശേഷമായ കാഴ്ചയും കേരളത്തിലിരുന്ന് അണികള്‍ക്ക് ദര്‍ശിക്കേണ്ടി വന്നു. പക്ഷേ പാര്‍ട്ടികെക്രട്ടറിയെന്ന നിലയില്‍ പിണറായി പ്രകടിപ്പിച്ച അചഞ്ചല മനസ്സും കുനിയാത്ത ശിരസ്സും ഒരുപരിധിവരെ പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്നും പിടിച്ചു നിര്‍ത്തിയെന്നു തന്നെ പറയാം.

അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നുമാണ് പിണറായി എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജനനം. 1944 മാര്‍ച്ച് 21 ന് കണ്ണൂരിലെ ദരിദ്ര കള്ളുചെത്ത് തൊഴിലാളി കുടുംബത്തില്‍ മുണ്ടയില്‍ മകാരന്റെയും കല്ല്യാണിയുടെയും മകനായി ആയിരുന്നു പിണറായി വിജയന്റെ ജനനം. സ്‌കൂള്‍ പഠനത്തിനു ശേഷം ഒരു വര്‍ഷം നെയ്ത്തുശാലയിലെ തൊഴിലാളിയായി പ്രസ്ഥാനത്തിലേക്കിറങ്ങിയ അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സിനു ചേര്‍ന്നു. അവിടെ നിന്നും ഡിഗ്രിയും പൂര്‍ത്തിയാക്കി പിണറായി തന്റെ വിദ്യാഭ്യാസജീവിതം അവസാനിപ്പിച്ചു.

പഠനകാലത്ത് നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയും അതിന്റെ ഭാഗഭാക്കായും പിണറായി പ്രസ്ഥാനത്തിന്റെ ഭാഗമാകുകയായിരുന്നു. എസ്.എഫ്.ഐയുടെ പൂര്‍വ്വ സംഘടനയായ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ രപസിഡന്റും സെക്രട്ടറിയുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ പൂര്‍വ്വ സംഘടനയായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ പ്രസിഡന്റായും പിണറായി കരുത്ത് തെളിയിച്ചു.

തന്റെ 24 മത്തെ വയസ്സില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്കും നാലുവര്‍ഷത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റിലേക്കും പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1970, 1977, 1991, 1996 കാലഘട്ടങ്ങളില്‍ കേരള നിയമസഭയിലെ എം.എല്‍.എയും 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണവകുപ്പ് മന്ത്രിയുമായി പിണറായി സംഘടനതലത്തിലും അതുപോലെ ഭരണതലത്തിലും സജീവസാന്നിദ്ധ്യമായി.

സഹകരണമേഖലകളില്‍ കാതലായ മാറ്റം വരുത്താനും വൈദ്യുതി വകുപ്പില്‍ സമഗ്രമായ കുതിച്ചു ചാട്ടത്തിനും അദ്ദേഹത്തിന്റെ വകുപ്പ് മന്ത്രിസ്ഥാനങ്ങള്‍ വഴിയൊരുക്കിയിരുന്നു. കെല്‍ക്കത്തയില്‍ നടന്ന 16മത് പാര്‍ട്ടി കോണ്‍ഗ്രസ്സോടെ അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും തന്റെ സാന്നിദ്ധ്യമറിയിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിനിടിയ്ക്ക് പാര്‍ട്ടിക്ക വേണ്ടി ക്രൂരമായ മര്‍ദ്ദനങ്ങളും ഈ പിണറായിക്കാരന് നേരിടേണ്ടി വന്നിട്ടുണ്ട്. 1970 ലെ അടിയന്തരാവസ്ഥക്കാലത്ത് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍ എം.എല്‍.എയായിരുന്ന വിജയനെ നിയമവിരുദ്ധമായി തല്ലിച്ചതച്ച പോലീസ് നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തടവില്‍ നിന്നും പുറത്തിറങ്ങി നിയമസഭയിലെത്തിയ പിണറായി വിജയന്‍ തന്റെ ചോരയില്‍ കുതിര്‍ന്ന ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് ജയില്‍ അനുഭവങ്ങള്‍ വിവരിച്ചത് നിയമസഭയുടെ ചരിത്രത്തില്‍ ഇന്നും മറക്കാനാകാത്ത ഏടാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരനാണ് പിണറായി വിജയന്റെ വാക്കുകള്‍കൊണ്ടുള്ള ആക്രമണത്തിന് പാത്രമായത്.

സംഘടന ഏറ്റുമുട്ടലുകള്‍ നടക്കുന്ന 1967 കാലഘട്ടങ്ങളിലും അന്നത്തെ ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും ആക്രമണങ്ങള്‍ക്ക് പിണറായി വിജയന്‍ ഇരയായിട്ടുണ്ട്. അന്ന് പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയരുന്ന സമയമായിരുന്നു. കണ്ണൂരിലെ ദിനേശ് ബീഡി കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സംഘടനാ ബലത്തെ നേരിടാന്‍ സ്വകാര്യ ബീഡി കമ്പനികള്‍ മംഗലാപുരത്ത് നിന്നും കൊണ്ടു വന്ന ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്കും പിണറായി പലതവണ ഇരയായിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം ചണ്ഡിഗഡില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തെ കൊല്ലാന്‍ നടത്തിയ ശ്രമത്തില്‍ നിന്നും കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. അവസാനം യാത്രയില്‍ വരുത്തിയ മറ്റമാണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത്. പക്ഷേ അന്ന് സഹപ്രവര്‍ത്തകനായ ഇ.പി ജയരാജന് അക്രമികളുടെ വെടിയേല്‍ക്കുകയായിരുന്നു.

സംഘടനാ നായകനില്‍ നിന്നും ഭരണനായകനായുള്ള മാറ്റത്തിലേക്കുള്ള യാത്രയിലാണ് ഈ പിണറായിക്കാരന്റെ ഇനിയുള്ള യാത്ര. കണ്ണൂരുകാരെ പോലെ തന്നെ കേരളത്തിലെ ലക്ഷോപലക്ഷം പാര്‍ട്ടി വിശ്വാസികളും അതാഗ്രഹിക്കുന്നുണ്ട്. അവര്‍ക്കറിയാം പിണറായി വിജയന്‍ എന്ന കമ്മ്യുണിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനമൊഴിയല്‍ യഥാര്‍ത്ഥത്തില്‍ അവസാനമല്ല, ഒരു തുടക്കം മാത്രമാണെന്ന്.