‘യൂട്യൂബ് കിഡ്‌സ്’,കുട്ടികള്‍ക്കായുള്ള യൂട്യൂബ് ആപ്പുമായി ഗൂഗിൾ എത്തുന്നു

single-img
21 February 2015

youtubeകുട്ടികള്‍ക്കായുള്ള യൂട്യൂബ് ആപ്പുമായി ഗൂഗിൾ എത്തുന്നു. യൂട്യൂബിന്റെ സേവനം കുട്ടികള്‍ക്കായി കൂടുതല്‍ സുരക്ഷിതമായി ലഭ്യമാക്കുകയാണ് പുതിയൊരു ആപ്പിന്റെ ലക്ഷ്യം. തിങ്കളാഴ്ചയാണ് ഗൂഗിൾ ‘യൂട്യൂബ് കിഡ്‌സ്’ എന്ന ആപ്പിനെ രംഗത്തെത്തിക്കുക. കഴിഞ്ഞ വർഷം മാർച്ച് മുതലാണ് ഈ ആപ്പിനായുള്ള ശ്രമം ഗൂഗിൾ ആരംഭിച്ചത്. അമേരിക്കയിലാണ് തുടക്കത്തില്‍ ഈ സര്‍വീസ് ലഭിക്കുക.

ഉള്ളടക്കം സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണം സാധ്യമാകുന്ന തരത്തിലാണ് ‘യൂട്യൂബ് കിഡ്‌സ്’ എത്തുന്നത്. ശരിക്കുള്ള യൂട്യൂബ് സര്‍വീസില്‍ നിന്ന് വ്യത്യസ്തമായിട്ടാകും പുതിയ ആപ്പ് പ്രവര്‍ത്തിക്കുക.

കുട്ടികള്‍ ഏത് തരം വീഡിയോ കാണണം എന്ന് മാത്രമല്ല, എത്ര നേരം യൂട്യൂബ് കാണണം എന്നും മാതാപിതാക്കള്‍ക്ക് പുതിയ ആപ്പില്‍ നിജപ്പെടുത്താന്‍ സാധിക്കും. മാത്രമല്ല, യൂട്യൂബിലെ സെര്‍ച്ച് സംവിധാനം നിർത്തിവെയ്ക്കാനും ആപ്പില്‍ സംവിധാനമുണ്ട്.

ഷോ, മ്യൂസിക്ക്, ലേർണിംഗ്, എക്സ്പ്ലോർ എന്നിങ്ങനെ പുതിയ ആപ്പില്‍ നാല് വിഭാഗങ്ങളിലായി ചാനലുകളും പ്ലേലിസ്റ്റും തരംതിരിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകുന്ന ആപ്പ് സൗജന്യമാണ്.