സദാചാര ഗുണ്ടായിസം; വരുന്നത് തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ കരുതേണ്ട കാലം: വേണ്ടത് ശരിയായ മാനസിക ചികിത്സ

single-img
21 February 2015

salam

റേഷന്‍കാര്‍ഡിനും തിരിച്ചറിയല്‍ കാര്‍ഡിനും വിവാഹ സര്‍ട്ടിഫിക്കറ്റിനുമൊക്കെ ഇന്ന് കാണുന്ന ഭരണസംവിധനാനുബന്ധ ഉപയോഗങ്ങളല്ലാതെ മറ്റുചില ഉപയോഗങ്ങളും കുടി സാധ്യമായ കാലമാണിത്. സ്വന്തം കൂടെ വരുന്നത് അമ്മയോ സഹോദരിയോ രക്തബന്ധങ്ങളിലുള്ളവരാരുമായിക്കൊള്ളട്ടെ, സദാചാരമെന്ന മാനസികാസുഖത്തില്‍ നിന്നും പൊട്ടിമുളച്ച പ്രസ്തുത അസുഖത്തിന്റെ പേര് ചേര്‍ത്ത ഗുണ്ടകള്‍ക്കു മുന്നില്‍ ഈ വക സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചു മാത്രമേ നമുക്ക് ഒരോ പഞ്ചായത്തിന്റെയും അതിര്‍ത്തി കടക്കാന്‍ കഴിയുകയുള്ളു എന്ന ഒരലിഖിത നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തിലായിക്കൊണ്ടിരിക്കുന്നത്.

കോഴിക്കോട് മുക്കത്ത് സഹോദരിയുമായി സംസാരിച്ച സഹോദരനെ ഈ സദാചാര ഗുണ്ടകള്‍ വളഞ്ഞിട്ട് തല്ലിയതാണ് ഇന്നത്തെ വാര്‍ത്ത. എല്ലാ ദിനങ്ങളിലും പതിവുപോലെ സദാചാരാധിഷ്ഠിതമായ വാര്‍ത്തകള്‍ ഉണ്ടാകുമെങ്കിലും സഹോദരങ്ങളായവര്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത് ആദ്യമാണെന്ന് തോന്നുന്നു. ആദ്യമായി ഉണ്ടാകുന്നു എന്നതിലല്ല, ഇനി സഹോദരങ്ങള്‍ക്ക് വഴി നടക്കണമെങ്കിലും അവര്‍ സഹോദരങ്ങളാണെന്നുള്ള രേഖകളും തെളിവുകളും കൈയില്‍ കരുതണമെന്ന അവസ്ഥയാണ് സത്യത്തില്‍ ഈ നാട്ടിലെ സാധാരണക്കാരെ പേടിപ്പിക്കുന്നത്. അതല്ലെങ്കില്‍ ഭീകരമായ മര്‍ദ്ദനവും സമൂഹത്തിനു മുന്നില്‍ മരണത്തേക്കാള്‍ ഭയപ്പെടുത്തുന്ന അധിക്ഷേപവും സഹിക്കാന്‍ തയ്യാറായിരിക്കണമെന്നുള്ള സൂചന കൂടിയാണ് മുക്കം സംഭവം സൂചിപ്പിക്കുന്നത്.

ഒരു വര്‍ഷത്തിന് മുമ്പ് മുക്കത്തുതന്നെ ഒരു യുവാവിനെ സദാചാര ഗുണ്ടകള്‍ തല്ലിക്കൊന്നതും ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട്ട് ഒരു മധ്യവയസ്‌കന്‍ ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമടക്കം കേരള സമൂഹത്തില്‍ സദാചാരമെന്ന മാനസികാവസ്ഥയുടെ പേരിലുണ്ടാകുന്ന സംഭവങ്ങളോരോന്നും അങ്കലാപ്പ് സൃഷ്ടിക്കുന്നവയാണ്. തീര്‍ച്ചയായും ഇതൊരു മാനസിക രോഗം തന്നെയാണ്. സ്വന്തം വീട്ടില്‍ എന്തുണ്ട് എന്നതിനേക്കാള്‍ അയല്‍ വീട്ടിലെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ഈ ജനുസ്സില്‍പ്പെട്ടവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം ചികിത്സയാണ്. ചിന്തകളും മനോരാജ്യങ്ങളും കൊണ്ട് കൈവിട്ടുപോയ മനസ്സിനെ തിരികെ കൊണ്ടുവന്ന് അനുകമ്പയോടുതന്നെ ഒരു മനുഷ്യനാക്കി മാറ്റുകയെന്നുള്ളതാണ് കേരള സമൂഹം ഇത്തരക്കാരോട് ചെയ്യേണ്ടത്.

സദാചാര ബോധത്തിന്റെ കണികപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തികളാണ് അത് മറ്റുള്ളവര്‍ക്കും വേണമെന്ന് വാശിപിടിക്കുകയും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് വിചിത്രം. സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെടുമ്പോഴുള്ള മാനസിക പിരിമുറുക്കങ്ങളൊന്നും ഈ സദാചാര പക്ഷത്തുനില്‍ക്കുമ്പോള്‍ ഇവരെ ബാധിക്കുന്നില്ല. ഇരയെ കണ്ണില്‍ക്കണ്ട വേട്ടക്കാരന്റെ ആനന്ദത്തോടെ മറ്റുള്ളവരെ വിചാരണ ചെയ്യുമ്പോള്‍, എന്നെങ്കിലും എവിടെയങ്കിലും വെച്ച് തനിക്കും വരാവുന്ന ഇത്തരത്തിലുള്ള ഒരു അവസ്ഥയെപ്പറ്റി അവര്‍ ആലോചിക്കുന്നു കൂടിയില്ല. മാനസിക വ്യാപനത്തിന്റെ സൂക്ഷ്മതലങ്ങള്‍ വരെ പഠനവഷയമാക്കേണ്ട ഇത്തരക്കാരുടെ ഈയൊരു സദാചാര അവസ്ഥയ്ക്ക് ശരിയായ രീതിയിലുള്ള മാനസിക ചികിത്സമാത്രമേയുള്ളു പോംവഴി.

സദാചാര ഗുണ്ടാ പ്രശ്‌നങ്ങള്‍ ഭരണകൂടം സമൂഹത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാക്കിയെടുത്ത് ത്രിതല പഞ്ചായത്തുകളും മറ്റു ഭരണസംവിധാനങ്ങളും വഴി പൊതുസമൂഹത്തിന് മുന്നില്‍ ഒരു അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ ഒരു മനോരോഗിയായി തന്നെ കണ്ട് അധികൃതര്‍ പെരുമാറണം. ഭ്രാന്ത് പോലുള്ള മറ്റുമാനസിക അസുഖങ്ങളുള്ളവരെ സമൂഹം നോക്കിക്കാണുന്ന ഒരു അവസ്ഥയില്‍ തന്നെ ഇത്തരം സദാചാര ഗുണ്ടകളേയും സമൂഹം കാണ്ടാല്‍മാത്രമേ വരും കാലങ്ങളിലെങ്കിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലാതാകുകയുള്ളു.

പ്രായമായ പെണ്‍മക്കള്‍ക്കൊപ്പം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ വെച്ച് ചോദ്യം ചെയ്യപ്പെടുന്ന ഒരവസ്ഥയുണ്ടാകുകയാണെങ്കില്‍ ആലോചിക്കുക, ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള മാനസികാവസ്ഥയ്ക്കുടമകളായിരിക്കും. അങ്ങനെയുള്ളവരുടെ വ്യാപനം സമൂഹത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷത്തെതന്നെ ബാധിക്കകയും ചെയ്യും. ഇന്ന് സഹോദരനും സഹോദരിയുമെന്നപോലെ നാളെ അമ്മയും മകനും, അച്ഛനും മകളുമെന്നൊക്കെ മലയാളികള്‍ തന്നെ കേള്‍ക്കേണ്ടിവരും. അത്തരത്തിലുള്ള വാര്‍ത്തകളുമായി ലോകസമൂഹത്തിന് മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടിയും വരും. ഇത്തരത്തില്‍ വികലമായ മാനസികാവസ്ഥയില്‍ നിന്നും ഇത്തരം സദാചാര ഗുണ്ടകളെ പുറത്തെത്തിക്കാന്‍ തീര്‍ച്ചയായും സമൂഹവും ഭരണസംവിധാനങ്ങളും കൈകോര്‍ത്തേ മതിയാകു.