ആശുപത്രിയില്‍ വെച്ച് മുഖ്യമന്ത്രിയോടു പോലും സംസാരിച്ച ചന്ദ്രബോസിന് ബോധമില്ലായിരുന്നുവെന്ന പോലീസ് വാദം കളവാണെന്ന് ഭാര്യ ജമന്തി

single-img
21 February 2015

Chandraboseകിങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ ക്രൂരമര്‍ദ്ദനത്തിന് പാത്രമായ ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ അദ്ദേഹത്തിന് ബോധമില്ലായിരുന്നെന്ന പോലീസിന്റെ വാദം തള്ളി ഭാര്യ ജമന്തി രംഗത്തെത്തി. ആശുപത്രിയില്‍വെച്ച് മുഖ്യമന്ത്രിയോട് ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ബോധമില്ലായിരുന്നെന്ന് പോലീസ് പറയുന്നത് കളവാണെന്നും തന്നോടും മക്കളോടും അമ്മയോടും സഹോദരങ്ങളോടും പലവട്ടം സംസാരിച്ചുവെന്നും ജമന്തി പറഞ്ഞു. വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന് ആശുപത്രിയില്‍ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന പോലീസിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഭാര്യ ജമന്തി.

ഒരിക്കല്‍ പോലും മൊഴിയെടുക്കാന്‍ ചന്ദ്രബോസിന്റെ അടുത്തേക്ക് പോലീസ് എത്തിയില്ലെന്നും ഇതുവരെ സംഭവത്തെക്കുറിച്ച് പോലീസ് തങ്ങങ്ങളോടൊന്നും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ജമന്തി പ്രതികരിച്ചു. ഞങ്ങളുടെ വീടിന്റെ അടിത്തറയിളക്കിയ ക്രൂരനെ ദൈവം വിടില്ലെന്നും ജമന്തി പറഞ്ഞു.