ഹെല്‍മെറ്റില്ലാതെ മൂന്നുപേരുമായി യാത്രചെയ്ത പോലീസുകാരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

single-img
21 February 2015

praveenമൂന്നുപേരുമായി ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച പോലീസുകാരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ കൂറ്റനാട് കല്ലഴിവീട്ടില്‍ ഗോവിന്ദന്‍ മകന്‍ പ്രവീണ്‍(23) കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് പ്രവീണിന് മര്‍ദ്ദനമേറ്റത്. ഹെല്‍മറ്റില്ലാതെ മൂന്നുപേരുമായി പോലീസുകാര്‍ കുന്നംകുളം ചക്കുണ്ണി അയ്യപ്പന്‍ കയറ്റത്തുവച്ച് ബൈക്കില്‍ പോകുന്നത് കണ്ടാണ് പ്രവീണ്‍ ചിരത്രമെടുത്തത്. അവിടെവെച്ചു തന്നെ കസ്റ്റഡിയിലെടുത്ത ബൈക്കിലായിരുന്നു പോലീസുകാരുടെ യാത്ര. മറ്റൊരു ബൈക്കില്‍ പോകുകയായിരുന്ന പ്രവീണ്‍ ഇത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതുകണ്ട പോലീസുകാര്‍ ബൈക്ക് ഓടിച്ചിരുന്ന മുസ്തഫയെയും പുറകിലിരുന്ന് ചിത്രം പകര്‍ത്തിയ പ്രവീണിനോടും തങ്ങളുടെ കൂടെ സ്‌റ്റേഷനിലേക്ക് വരാന്‍ കല്‍പ്പിക്കുകയായിരുന്നു.

മുസ്തഫയോടൊപ്പം സ്‌റേ്ഷനില്‍ എത്തിയ രപവീണിന്റെ കയ്യില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങുകയും എടുത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന മുസ്തഫയുടെ മുമ്പില്‍വച്ചായിരുന്നു പ്രവീണിനെ മര്‍ദ്ദിച്ചത്.

ഇതിനിടയില്‍ സംഭവമറിഞ്ഞ് പ്രവീണിന്റെ അച്ഛന്‍ ഗോവിന്ദനും പ്രവീണിന്റെ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനില്‍ എത്തുകയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ പരിക്കേറ്റ പ്രവീണിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പടിഞ്ഞാറെ അങ്ങാടിയില്‍നിന്നുള്ളവര്‍ പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി. ഡിവൈ.എസ്.പി. കെ.കെ. രവീന്ദ്രന്‍ സ്ഥലത്തെത്തി മര്‍ദ്ദനമേറ്റ പ്രവീണില്‍നിന്നും മര്‍ദ്ദിച്ചതായി പറയുന്ന പോലീസുകാരനില്‍നിന്നും മൊഴിയെടുത്തു. സ്‌റ്റേഷനില്‍ പ്രവീണിനെ മര്‍ദ്ദിക്കുന്നതു കണ്ട ദൃക്‌സാക്ഷികളുടെയും മൊഴി ഡിവൈ.എസ്.പി എടുത്തിട്ടുണ്ട്.