ക്ഷേത്രങ്ങളിലെ പണം സർക്കാർ കൊണ്ടുപോകുന്നെന്ന സംഘപരിവാർ നുണ പ്രചരണത്തിനെതിരെ വിടി ബൽറാം എം.എൽ.എ

single-img
20 February 2015

393870_10150528142904139_1993599419_nമണ്ടന്മാരായ ഹിന്ദുക്കള്‍ എന്ന തലക്കെട്ടോടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന കള്ള പ്രചരണത്തിനെതിരെ വി ടി ബല്‍റാം എം എല്‍ എ രംഗത്ത്. ഹിന്ദുത്വശക്തികളുടെ വ്യാജപ്രചരണത്തിനെതിരെ ഫേസ്ബുക്കിലൂടെയാണു വിടി ബൽറാം പ്രതികരിച്ചത്.ഹിന്ദുക്കള്‍ മണ്ടന്മാരോ വര്‍ഗ്ഗീയവാദികളോ അല്ല എന്നും അങ്ങനെ ആക്കാന്‍ ആര്‍ എസ് എസിനെ അനുവദിക്കണോ എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ചോദിക്കുന്നു.

ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാര വരവ് അടക്കമുള്ള തുക സര്‍ക്കാര്‍ മറ്റ് മതക്കാര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

കേരളത്തിലെ അമ്പലങ്ങളിലെ ഒരു രൂപപോലും സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്ക് എടുത്തുപയോഗിക്കുന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിനു രൂപ ക്ഷേത്രകാര്യങ്ങള്‍ക്കായി അങ്ങോട്ട് ചെലവഴിക്കുകയാണ് ചെയ്യുന്നത് എന്നതാണു യാഥാർഥ്യം ഇത് മറച്ച് വെച്ചാണു ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘപരിവാർ ശക്തികളുടെ കള്ള പ്രചരണം നടത്തുന്നത്.

 

ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാര വരവ് അടക്കമുള്ള തുക സര്‍ക്കാര്‍ മറ്റ് മതക്കാര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം. ഇതിനെതിരെ ഹിന്ദുക്കള്‍ ഉണരുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും ഈ മെസേജില്‍ പറയുന്നുണ്ട്. ദേവസ്വം ഭരിക്കുന്ന അമ്പലങ്ങളില്‍ കാണിക്കയിടരുതെന്നും ഈ സന്ദേശത്തില്‍ ആഹ്വാനമുണ്ട്.

വി ടി ബല്‍റാം എം എല്‍ എയുടെ പോസ്റ്റിന്റെ പൂർണ്ണരുപം

[quote arrow=”yes”]

ഹിന്ദുക്കൾ മണ്ടന്മാരോ വർഗ്ഗീയവാദികളോ അല്ല, അങ്ങനെ ആക്കാൻ ആർ എസ്‌ എസിനെ അനുവദിക്കണോ?

മണ്ടന്മാരായ ഹിന്ദുക്കൾ എന്ന തലക്കെട്ടോടെ “എന്താ സുഹൃത്തുക്കളേ ഞെട്ടിയോ” എന്ന് തുടങ്ങുന്ന ഒരു മെസ്സേജ്‌ ഇപ്പോൾ വാട്ട്സാപ്പിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാരവരവ്‌ അടക്കമുള്ള മുഴുവൻ തുകയും മതേതരഭീകരരായ സർക്കാർ ഓൺ ദ സ്പോട്ട്‌ അടിച്ചുമാറ്റി കണ്ണിൽക്കണ്ട മുസ്ലിമിനും കൃസ്ത്യാനിക്കുമൊക്കെ വേണ്ടി ചെലവഴിക്കുന്നു, പാവം ഹിന്ദുക്കൾ പറ്റിക്കപ്പെടുന്നു എന്ന മട്ടിലായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദുത്വവാദികൾ സ്ഥാനത്തും അസ്ഥാനത്തും പ്രചരിപ്പിച്ചിരുന്നത്‌. അത്‌ ഒന്നാന്തരം കല്ലുവെച്ച നുണയായിരുന്നു എന്ന് ഈയടുത്ത കാലത്ത്‌ സോഷ്യൽ മീഡിയയിലൂടെ പൊളിച്ചടുക്കാൻ സാധിച്ചിട്ടുണ്ട്‌. അതിനുശേഷമാണു ഇപ്പോഴീ കാണുന്ന മട്ടിൽ സെന്റി അടിച്ചും പരിഹസിച്ചും ഹിന്ദുക്കളുടെ ദുരഭിമാനത്തെ കുത്തിയിളക്കിക്കൊണ്ടുള്ള ഈ പ്രചരണം നടന്നുവരുന്നത്‌.

 
ഏതായാലും അതിന്റെ വസ്തുതകളിലേക്ക്‌ ഒന്ന് പോയിനോക്കാം:
ഇനി മുതൽ ദേവസ്വം ബോർഡ്‌ ഭരിക്കുന്ന ക്ഷേത്രങ്ങളിൽ പണം ഇടില്ല എന്ന് പ്രതിജ്ഞ ചെയ്യാനാണു ആദ്യത്തെ വെല്ലുവിളി. പ്രിയ സുഹൃത്തുക്കളെ ആവേശം കേറി ഓരോ ആവശ്യമില്ലാത്ത പ്രതിജ്ഞ ഒന്നും ചെയ്യാൻ നിക്കണ്ട, കാരണം അങ്ങനെ ചെയ്താൽ കുത്തുപാള എടുക്കാൻ പോകുന്നത്‌ അന്തിത്തിരി വെക്കാൻ നിവൃത്തിയില്ലാത്ത നൂറുകണക്കിനു ചെറിയ ക്ഷേത്രങ്ങളായിരിക്കും. കേരളത്തിൽ ദേവസ്വം ബോർഡ്‌ നിയന്ത്രണത്തിലുള്ള അപൂർവ്വം ചില വലിയ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്നാണു മറ്റ്‌ അനേകം ചെറുക്ഷേത്രങ്ങൾക്ക്‌ ധനസഹായം നൽകുന്നത്‌. അതായത്‌ ഒരുതരം റിസോഴ്സ്‌ പൂളിംഗ്‌ ആണവിടെ നടക്കുന്നത്‌. ഇവിടങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു ഹിന്ദുക്കളാണു വിവിധ ജോലികൾ ചെയ്ത്‌ കുടുംബം പുലർത്തുന്നത്‌. അവരൊക്കെ പട്ടിണിയായിപ്പോകും എന്നത്‌ ഒരു സാമുദായിക പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണു.

 
ഇനി പറഞ്ഞ പോലെ ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പണമിടാതെ സ്വകാര്യ ക്ഷേത്രങ്ങളിൽ പണമിട്ടാൽ എന്താവും അവസ്ഥ? അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണു തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. “തിരുവിതാംകൂർ രാജാവ്‌”(ഇപ്പോഴങ്ങനെ ഒരു പദവി നിയമപ്രകാരം ഇല്ല) എന്ന വ്യക്തി ആരെയും തൊടീക്കാതെ ഭരിച്ചുവരുന്ന ആ ക്ഷേത്രത്തിൽ നിന്ന് പത്തു നാനൂറു കിലോ സ്വർണ്ണമാണു കാണാതായതായി സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ്‌ റായ്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ബിജെപിക്കാർ ഏറെ പൊക്കിപ്പിടിച്ച ടു ജി അഴിമതിയേക്കുറിച്ച്‌ പറഞ്ഞതും ഇതേ വിനോദ്‌ റായ്‌ ആയിരുന്നു എന്നുള്ളതുകൊണ്ട്‌ അദ്ദേഹത്തിനു ഇക്കാര്യത്തിൽ മാത്രമായി തെറ്റുപറ്റില്ല എന്ന് നമുക്കങ്ങ്‌ ഉറപ്പിക്കാമല്ലോ ല്ലേ? ഇതുമുഴുവൻ ആ “രാജാവ്‌” കട്ടുകൊണ്ടുപോയി എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. എന്നാലും സുപ്രീം കോടതി നേരിട്ടിടപെട്ട്‌ അന്വേഷണം നടത്തിയതുകൊണ്ടാണു ഈ വിവരം ഇപ്പോഴെങ്കിലും പുറത്തുവന്നത്‌ എന്നെങ്കിലും സാമാന്യബുദ്ധി വെച്ച്‌ അംഗീകരിക്കുമല്ലോ. ആ അന്വേഷണത്തോട്‌ “രാജകുടുംബം” ഒട്ടും സഹകരിക്കുന്നില്ല എന്ന് കോടതിക്ക്‌ തന്നെ പരാതിയുണ്ട്‌. ഈ ആരോപണമൊക്കെ ജനാധിപത്യ സർക്കാരിനെതിരെ ആയിരുന്നുവെങ്കിൽ എന്തൊക്കെയായിരിക്കും ഇവിടത്തെ പുകിൽ എന്ന് ആലോചിക്കാൻ പോലും വയ്യ. ഏതായാലും “പൊന്നു തിരുമനസ്സി”ന്റെ കാര്യമായതുകൊണ്ട്‌ ആർക്കും ഒരു പരാതിയുമില്ല. “രാജാവ്‌” ക്ഷേത്രമുറ്റത്തുനിന്നും കാലിലെ പൊടി തട്ടിക്കുടഞ്ഞ്‌ ശ്രീപത്മനാഭന്റെ മണൽത്തരി പോലും തനിക്ക്‌ വേണ്ടായെന്ന് പ്രഖ്യാപിക്കുന്ന രംഗം മനസ്സിൽ ആവർത്തിച്ച്‌ റീപ്ലേ ചെയ്ത്‌ അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും അമേദ്യവും നുണഞ്ഞിറക്കി നമുക്ക്‌ ഏമ്പക്കമിടാം. ഏതായാലും എന്തുകൊണ്ട്‌ ക്ഷേത്രങ്ങൾ കൃത്യമായ നിയമങ്ങൾക്ക്‌ കീഴിൽ, വരവു ചെലവ്‌ കണക്കുകളൊക്കെ സമയാസമയം ഓഡിറ്റ്‌ ചെയ്ത്‌, സർക്കാരിനേപ്പോലൂള്ള ഒരു പൊതുസംവിധാനത്തിനു കീഴിൽ വരണം എന്നതിന്റെ മികച്ച ഉദാഹരണമാണു പദ്മനാഭസ്വാമി ക്ഷേത്രം. ജനാധിപത്യത്തേക്കാൾ വിശ്വാസം രാജഭരണത്തിലാണെങ്കിൽ പിന്നെ അവരോട്‌ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. അവർക്ക്‌ നല്ല നമസ്ക്കാരം.

 
ഏതായാലും ക്ഷേത്രങ്ങളിൽ കൊണ്ടുപോയിട്ട്‌ പണം കളയുന്നതിനെതിരെ ആർ എസ്‌ എസ്‌ ഒരു ക്യാമ്പയിൻ തുടങ്ങുന്നത്‌ ഹിന്ദു സമൂഹത്തിനു എന്തുകൊണ്ടും നല്ലതാണു. വാശി പിടിച്ചുള്ള ആനയെ എഴുന്നെള്ളിക്കൽ, ലക്ഷക്കണക്കിനു രൂപ കത്തിച്ചുകളയുന്ന പടക്കം പൊട്ടിക്കൽ, മറ്റ്‌ ആർഭാടങ്ങൾ എന്നിവയൊക്കെ പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചുകൊണ്ടുവരാനെങ്കിലും കഴിഞ്ഞാൽ അതും നല്ലതായിരിക്കും. ഈ പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്‌ ചെലവാക്കുന്ന കാര്യത്തിൽ ഇതര മതസ്ഥരുമായി ഒരു ഹെൽത്തി കോമ്പറ്റീഷനും ആവാം. അതായിരിക്കും ഭഗവാനും സന്തോഷം എന്നറിയാൻ ഭഗവത്‌ ഗീത നോക്കേണ്ട കാര്യം പോലുമില്ല.

 
ഇനി ശബരിമലയുടെ കാര്യം. വാഹനങ്ങൾക്ക്‌ പാർക്കിംഗ്‌ ഫീസ്‌ ഈടാക്കുന്നത്‌ ലോകമെങ്ങുമുള്ള നാട്ടുനടപ്പാണു. അതിലെന്താണിത്ര വിലപിക്കാനെന്ന് മനസ്സിലാവുന്നില്ല. പിന്നെ റോഡിന്റെ ടോൾ. ശബരിമലയിൽ എത്ര ടോൾ റോഡ്‌ ഉണ്ടെന്ന് അറിയില്ല. ഏതായാലും ഉണ്ടെങ്കിൽത്തന്നെ അതും അത്ര പുതുമയുള്ള കാര്യമല്ല. ശബരിമലയിലേക്കുള്ള റോഡുകൾ നന്നാക്കാൻ വർഷാവർഷം കോടിക്കണക്കിനു രൂപയാണു എല്ലാവരുടേതുമായ പൊതുഖജനാവിൽ നിന്ന് സർക്കാരിനു ചെലവഴിക്കേണ്ടി വരുന്നതെന്നതെന്ന് യാഥാർത്ഥ്യമാണു. പാർക്കിംഗ്‌ ഫീസും ടോളുമൊക്കെ അവിടത്തെ പുതുതായി ഏർപ്പെടുത്താൻ പോകുന്ന വികസനത്തിനല്ല, നിലവിൽ പൊതുപണം ഉപയോഗിച്ച്‌ നടത്തിയ വികസനത്തിന്റെ പേരിലാണു. പിന്നെ ഇതുമുഴുവൻ രാഷ്ട്രീയക്കാർക്കും കോണ്ട്രാക്റ്റർമ്മാർക്കും ബിനാമികൾക്കുമായാണു പോകുന്നത്‌ എന്ന് പറഞ്ഞുകൊണ്ടുള്ള കുത്ത്‌. അതും വികാരപരമായി ആളുകളെ പിരികേറ്റാൻ വേണ്ടിയുള്ള ഒരാരോപണം മാത്രം. ജനാധിപത്യചിന്തയുടെ ഭാഗമായി വികസിച്ചുവന്ന ഒരു ആധുനിക ആശയമാണല്ലോ മതേതരത്വവും. അപ്പോൾപ്പിന്നെ ജനാധിപത്യത്തിനും ജനപ്രതിനിധികൾക്കുമിട്ട്‌ ഇങ്ങനെ രണ്ട്‌ കുത്ത്‌ കുത്താതെ വർഗ്ഗീയപ്രചരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലല്ലോ ല്ലേ? വ്യവസ്ഥാപിതമായി ടെണ്ടർ ചെയ്ത്‌ നമ്മുടെ നാട്ടിലെ മറ്റ്‌ ഏത്‌ പ്രവൃത്തിയും ചെയ്യുന്ന പോലെയേ ശബരിമലയിലേയും നിർമ്മാണപ്രവൃത്തികൾ നടക്കുന്നുള്ളൂ. അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണു അവ നടത്താൻ കഴിയുക?. “രാജാവി”നു തോന്നിയവരേ വെച്ച്‌ പണി നടത്തുന്ന പദ്മനാഭസ്വാമി ക്ഷേത്രവുമായുള്ള താരതമ്യം ഇവിടെയും പ്രസക്തമാണു.

 
പിന്നെ “ആയിരം ശബരിമലക്ക്‌ വേണ്ടിയുള്ള പണം ഹിന്ദു എന്ന മന്ദബുദ്ധികൾ ഇട്ടുകഴിഞ്ഞു” എന്ന നിങ്ങളുടെ വാക്കുകൾ. വീണ്ടും ആളുക്കളെ വൈകാരികമായി ഇളക്കാൻ വേണ്ടിയുള്ള പിരികേറ്റൽ മാത്രം. അതേപ്പോലെത്തന്നെയാണു കടമുറികളിലെ വരുമാനവും മറ്റും. പിന്നെ ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ ചാർജ്ജ്‌ ഈടാക്കേണ്ട എന്നതാണോ ആവശ്യം? അങ്ങനെയാണെങ്കിൽ സോറി, ഒട്ടും യോജിപ്പില്ല. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന ഉയർന്ന താരീഫ്‌ തന്നെയാണു ശബരിമല അടക്കമുള്ള എല്ലാ വൻ കിട ഉപഭോക്താക്കളിൽ നിന്നും ഈടാക്കേണ്ടത്‌. ഏതായാലും ശബരിമലയിലെ വരവ്‌ ചെലവ്‌ കണക്കുകളൊക്കെ കൃത്യമായി ഓഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധപ്പെടുത്തുന്നുണ്ട്‌. വിവരാവകാശ നിയമപ്രകാരം ആർക്കും പരിശോധിക്കാവുന്ന പബ്ലിക്‌ ഡോക്യുമെന്റുകളാണവ. അതിലെ എന്തെങ്കിലും വസ്തുതകൾ ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചാൽ അത്‌ പരിശോധിക്കാം, അല്ലാതെ കാടടച്ച്‌ വെടിവെക്കുന്നത്‌ എന്ത്‌ ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവും.

 
അന്യസംസ്ഥാനത്തുനിന്നും വരുന്ന ഭക്തരുടെ വാഹനങ്ങൾക്ക്‌ കേരളത്തിൽ ഒരു നികുതിയും ഏർപ്പെടുത്തുന്നില്ല. നാമമാത്രമായ എൻട്രി ഫീസ്‌ ഉണ്ടോ എന്നറിയില്ല. ഏതായാലും കേരള രജിസ്റ്റ്രേഷൻ വാഹനങ്ങൾ കർണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേക്ക്‌ പോകുമ്പോൾ അവർ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്ന് പോലും നാം ഇവിടെ തിരിച്ച്‌ ഈടാക്കുന്നില്ല. യഥാർത്ഥത്തിൽ ഈ ഫീസ്‌ കാര്യമായി ഉയർത്തുകയാണു വേണ്ടത്‌. പോലീസ്‌ അടക്കം ഒരു മതനിരപേക്ഷ സംവിധാനത്തിന്റെ എന്തെല്ലാം സേവനങ്ങൾ ശബരിമല അടക്കമുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെന്ന പേരിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ടോ അതിനു കൃത്യമായ ചാർജ്ജ്‌ ഈടാക്കി അത്‌ ഖജനാവിലേക്ക്‌ മുതൽക്കൂട്ടുക തന്നെയാണു വേണ്ടത്‌. കാരണം സ്റ്റേറ്റ്‌ എന്നത്‌ മതവിശ്വ്വാസികളുടേത്‌ മാത്രമല്ലല്ലോ, ഒരുമതത്തിലും വിശ്വാസമില്ലാത്ത മനുഷ്യരുടേത്‌ കൂടിയാണു ഇവിടത്തെ പൊതുപണം. പാവപ്പെട്ടവന്റെ നികുതിപ്പണം ഭക്തിവ്യവസായത്തെ വളർത്താനുള്ളതല്ല. അതിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരുപാട്‌ കാര്യങ്ങൾ ഇവിടെയുണ്ട്‌. സ്വന്തം വ്യക്തിപരമായ വിശ്വാസത്തിനായി സ്റ്റേറ്റിന്റെ സേവനം ഉപയോഗിക്കുന്നവർ അതിന്റെ ചെലവും വഹിക്കുക എന്നത്‌ തന്നെയാണു ന്യായം.

 
അവസാനത്തെ പൂഴിക്കടകനാണു മാസ്റ്റർപ്പീസ്‌. തുടക്കത്തിൽപ്പറഞ്ഞ “മണ്ടൻ” വിളി ആവർത്തിച്ചുകൊണ്ട്‌ “ഹിന്ദുവിന്റെ ആരാധനാലങ്ങളിലെ പണം എടുത്തുകൊള്ളൂ, പക്ഷേ, തുല്ല്യമായ പണം മറ്റ്‌ മതസ്ഥരുടേയും എടുക്കാനുള്ള ആർജ്ജവം സർക്കാരിനു ഉണ്ടാകണം” എന്നതാണല്ലോ ആവശ്യം. ചരിത്രബോധം എന്നത്‌ ഏഴയലത്തുകൂടി പോയിട്ടില്ല എന്നതിന്റെ തെളിവാണിത്‌. കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിൽ അടിസ്ഥാനപരമായിത്തന്നെയുള്ള വ്യത്യാസമുണ്ട്‌. കേരളം ഭരിച്ചിരുന്നത്‌ ഏതാണ്ട്‌ മുഴുവനായും ഹിന്ദു രാജാക്കന്മാരാണു. ഒരു ചെറിയ പ്രദേശത്ത്‌ കുറച്ചുകാലം സാമൂതിരിയുടെ കീഴിൽ നിലനിന്നിരുന്ന അറക്കൽ രാജവംശമൊഴിച്ച്‌. സമൂഹത്തിലാണെങ്കിൽ അവർണ്ണർക്കും ദളിതർക്കും കാലുകുത്താൻ മണ്ണു നൽകാതെ ഉള്ള ഭൂമിയൊക്കെ സവർണ്ണ ജന്മിമാർ കയ്യടക്കി വെച്ചിരുന്നു. ഈ അധികാരത്തിന്റേയും സാമൂഹികാവസ്ഥയുടേയും ഭാഗമായാണു ഇന്നുള്ള തൊണ്ണൂറു ശതമാനം ഹിന്ദുക്ഷേത്രങ്ങളും അവിടത്തെ സമ്പത്തുമുണ്ടായത്‌. അതുകൊണ്ട്‌ രാജഭരണകാലത്തുതന്നെ ക്ഷേത്രങ്ങൾ പൊതു ഉടമസ്ഥതയിലായിരുന്നു. രാജഭരണം പോയപ്പോൽ അവയൊക്കെ ജനാധിപത്യ സർക്കാരിന്റെ ചുമതലയിലായി എന്ന് മാത്രം. അത്‌ കൃത്യമായ നിയമങ്ങളുണ്ടാക്കി വ്യവസ്ഥാപിതമായി പരിപാലിച്ചു പോരുന്നു എന്നതാണിന്ന് സർക്കാർ ചെയ്യുന്നത്‌. എന്നാൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളുടെ സ്ഥിതി പൊതുവിൽ ഇതല്ല. പഴയ രാജാക്കന്മാർ നിർമ്മിച്ചുകൊടുത്ത ചുരുക്കം ചില പള്ളികൾ ഒഴിച്ചാൽ ബാക്കി മഹാഭൂരിപക്ഷം പള്ളികളും ഉണ്ടാക്കിയിരിക്കുന്നത്‌ അതത്‌ മതസ്ഥർ സ്വന്തം നിലക്കാണു. അതുകൊണ്ട്‌ അവിടങ്ങളിൽ സർക്കാരിന്റെ നിയന്ത്രണം അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ അത്‌ വേണ്ടൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലേത്‌ പോലെ വൻ തോതിൽ നിധിയെങ്ങാനും ഏതെങ്കിലും പള്ളിയിൽ നിന്ന് കണ്ടെത്തിയാൽ അവിടെയും സർക്കാരിന്റെ നിയന്ത്രണം ഉണ്ടാവണമെന്ന് തന്നെയാണു നമ്മുടെയൊക്കെ അഭിപ്രായം. സ്വന്തമായി ക്ഷേത്രങ്ങളുണ്ടാക്കിയ എസ്‌ എൻ ഡി പി പോലുള്ളവരുടെ ക്ഷേത്രകാര്യങ്ങൾ അവർ തന്നെയാണു നോക്കിനടത്തുന്നത്‌, സർക്കാർ അതിൽ ഇടപെടുന്നില്ല എന്നതും ഓർക്കാവുന്നതാണു.

 
ഹിന്ദുക്കളെ ഉണർത്താൻ ശശികലയും കൂട്ടരും കൊണ്ടുപിടിച്ച്‌ ശ്രമം തുടങ്ങിയിട്ട്‌ കാലം കുറെയായി. ഹിന്ദു ഉണരുന്നത്‌ നല്ലതു തന്നെ. എന്നാൽ മുഴുവൻ ഉണരാതെ ഉറക്കപ്പിച്ചിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന മട്ടിലാവരുത്‌ എന്ന് മാത്രം. എന്താണു ഇന്ത്യയിലെ ഹിന്ദുക്കളുടെ യഥാർത്ഥ പ്രശ്നമെന്ന് ഈ അഭിനവ രക്ഷകർക്ക്‌ വല്ല ബോധ്യവുമുണ്ടോ? ആർ എസ്‌ എസിനേ സംബന്ധിച്ച്‌ ഹിന്ദുക്കൾ എന്നാൽ സവർണ്ണ ജാതികളിൽ പെട്ട ഹിന്ദുക്കൾ മാത്രമാണെന്നതാണു സത്യം. അവർണ്ണ ജാതികളിൽപ്പെട്ട ചിലരെയൊക്കെ പേരിനു ഉയർത്തിക്കാട്ടുമെങ്കിലും അത്തരം സമൂഹങ്ങളുടെ യഥാർത്ഥ സാമൂഹിക പുരോഗതിക്കായുള്ള ഒരു അജണ്ടയും ആർ എസ്‌ എസിനില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ദളിത്‌, പിന്നാക്ക ഹിന്ദുക്കളും കൊടിയ പീഢനങ്ങൾ നേരിടുന്നത്‌ മറ്റ്‌ മതസ്ഥരിൽ നിന്നല്ല, മറിച്ച്‌ ഹിന്ദുക്കളിലെത്തന്നെ മേൽജാതിക്കാരിൽ നിന്നാണു. സ്വന്തമായി ഒരുതുണ്ട്‌ ഭൂമി പോലുമില്ലാത്ത ദളിത്‌, പിന്നാക്ക ഹിന്ദുക്കൾക്ക്‌ സ്വന്തം കാലിൽ നിൽക്കാനായി സമഗ്രമായ ഭൂപരിഷ്ക്കരണം രാജ്യം മുഴുവൻ നടത്തണമെന്ന് ആവശ്യപ്പെടാൻ ആർ എസ്‌ എസ്‌ തയ്യാറുണ്ടോ? കഴിഞ്ഞ യു.പി.എ.സർക്കാർ തയ്യാറാക്കിയ കരട്‌ ഭൂപരിഷ്ക്കരണ നിയമം ഇപ്പോഴും പൊടിപിടിച്ച്‌ കിടപ്പുണ്ട്‌. അത്‌ എത്രയും പെട്ടെന്ന് പാർലമെന്റിലെ മഹാഭൂരിപക്ഷമുപയോഗിച്ച്‌ നിയമമാക്കാൻ ഇന്നത്തെ സർക്കാരിനോട്‌ ആവശ്യപ്പെടാൻ തയ്യാറായാൽ ഹിന്ദു സംരക്ഷകർ എന്ന വിശേഷണത്തോട്‌ കുറച്ചെങ്കിലും നീതിപുലർത്താൻ ആർ എസ്‌ എസിനു കഴിയും.

 
സംവരണക്കാര്യത്തിലും അങ്ങേയറ്റം പ്രതിലോമകരവും മെറിറ്റിന്റെ പേരിലുള്ള സവർണ്ണ താത്പര്യങ്ങളുടെ സംരക്ഷണപരവുമാണു ആർ എസ്‌ എസ്‌ നിലപാട്‌. സംവരണം പൂർണ്ണമായി എടുത്തുകളയാനാണു അവർ ആവശ്യപ്പെടുന്നത്‌. ഇതുവരെയുള്ള അനുഭവം വെച്ച്‌ ദളിത്‌, പിന്നാക്ക ഹിന്ദുക്കളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും അധികാര പങ്കാളിത്തത്തിനും വലിയ പ്രയോജനം ചെയ്ത ഒന്നാണു സംവരണം. എന്നാൽ ഇനിയും ഈ ദിശയിൽ നമുക്ക്‌ ഏറെ മുന്നോട്ടുപോകാനുണ്ട്‌. ഇന്ന് സർക്കാർ മേഖലയിൽ മാത്രമാണു സംവരണം നൽകപ്പെടുന്നത്‌. എന്നാൽ ജനസംഖ്യയിൽ വെറും രണ്ട്‌ ശതമാനം പേർക്കാണു ആകെ സർക്കാർ ജോലി ലഭിക്കുന്നത്‌. ബാക്കിയുള്ള 98% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യമേഖലയിലേക്ക്‌ കൂടി സംവരണം വ്യാപിപ്പിക്കുകയാണു ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നതിനു ഇനി ചെയ്യാനുള്ളത്‌. ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.പി.എ.യുടെ പ്രകടന പതികയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന ഈ വിഷയത്തിൽ ആർ എസ്‌ എസിന്റെ മാത്രമല്ല, പഴയ സംവരണ വിരുദ്ധ സമരക്കാരുടെ ഇപ്പോഴത്തെ താവളമായ ആം ആദ്മി പാർട്ടിയുടെയും നിലപാട്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌.
കാടടച്ച്‌ വെടിവെച്ചും കണ്ണടച്ച്‌ ഇരുട്ടാക്കിയും ഒരേ നുണ നൂറ്റൊന്നാവർത്തിച്ചും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടും ഹൈന്ദവവികാരം ആളിക്കത്തിച്ച്‌ വോട്ടുബാങ്ക്‌ ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണു ഇത്തരം പ്രചരണങ്ങളുടെ പിറകിലുള്ളത്‌. നിഷ്ക്കളങ്കരായ ഹൈന്ദവ സഹോദരന്മാർ കാര്യമറിയാതെ അതിൽ വീണുപോകുന്നു എന്ന് മാത്രം. ബഹുമതസമൂഹമായ ഇന്ത്യയിൽ പരസ്പരം ദുരാരോപണങ്ങളുന്നയിച്ച്‌ ആളുകളുടെ മനസ്സിൽ സംശയം ഉണ്ടാക്കിയാൽ പിന്നെ ഈ നാടിനെ പിടിച്ചാൽ കിട്ടില്ല. “ഹിന്ദു രാഷ്ട്രം” എന്നൊക്കെ കേൾക്കുമ്പൊൾ പലർക്കും ആവേശം വരുന്നുണ്ടായിരിക്കും. എന്നാൽ പ്രയോഗതലത്തിൽ ഉണ്ടാകാൻ പോകുന്നത്‌ ഒരു “ഹിന്ദു പാക്കിസ്ഥാൻ” എന്നത്‌ മാത്രമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ നന്ന്. ഇപ്പോഴത്തെ പാകിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെയോ ഒരു ഹിന്ദു പകർപ്പ്‌ ഇവിടെ ഉണ്ടായാൽ എന്തായിരിക്കും സാധാരണ ഹിന്ദുക്കൾക്കുള്ള നേട്ടമെന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത്‌ നല്ലതാണു. മനുഷ്യർക്ക്‌ മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നത്‌ മതരാഷ്ട്രങ്ങളിലല്ല, മതേതര ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലാണു എന്നതാണു ലോകം മുഴുവനുമുള്ള അനുഭവം.
അങ്ങനെ ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നവർക്ക്‌ വേണമെങ്കിൽ ഇത്‌ ഫോർവ്വേഡ്‌ ചെയ്യാം. അല്ലാത്തവർക്ക്‌ പഴയപടി വർഗ്ഗീയ പ്രചരണങ്ങൾ ആവർത്തിച്ച്‌ നാടിന്റെ മനസ്സമാധാനം കളയാം.
ജയ്‌ ഹിന്ദ്‌.

[/quote]