ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത്- യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ

single-img
19 February 2015

obamaവാഷിംങ്ടണ്‍: ലോകത്തിലെ 100 കോടി മുസ്ലിങ്ങൾക്ക് വേണ്ടിയല്ല ഇസ്ലാമിക ഭീകരര്‍ സംസാരിക്കുന്നതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരര്‍ക്ക് നേരെയുമാണ് അമേരിക്ക യുദ്ധം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികള്‍ നല്‍കുന്ന തെറ്റായ ഉറപ്പുകളെ പൊരുതിതോല്‍പിക്കാന്‍ പടിഞ്ഞാറിലെയും മുസ്ലിം ലോകത്തെയും നേതാക്കള്‍ ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അക്രമണോത്സുക തീവ്രവാദത്തെ ചെറുക്കുക’ എന്ന തലക്കെട്ടില്‍ ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്ന് വിളിച്ചു ചേര്‍ത്ത ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.  യൂറോപ്പിലും ദക്ഷിണേഷ്യയിലും ഐസിസ് നടത്തുന്ന കിരാതകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് വാഷിംങ്ടണില്‍ ത്രിദിന സമ്മേളനം നടക്കുന്നത്.

മതത്തിന്‍റെ നേതാക്കളെന്നും വക്താക്കളെന്നും സ്വയം ചിത്രീകരിക്കുന്ന ഭീകരര്‍ യഥാര്‍ഥത്തില്‍ മതനേതാക്കള്‍ അല്ല.അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ്. ഇറാഖിലെയും സിറിയയിലുമായി കൂട്ടക്കുരുതി നടത്തുന്ന ഐഎസ് ഭീകരരും, ലോകമാകമാനം ആക്രമം അഴിച്ചു വിടാന്‍ തയാറായി നില്‍ക്കുന്ന അല്‍ഖായിദ ഭീകരരും മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദം തടയുന്നതിന് ആഗോള കൂട്ടായ്മ വ്യാപിപ്പിക്കുന്നതിനുള്ള അജണ്ടയാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നതെന്ന് മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീവ്രവാദി സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും അതിന് പിന്തുണ നേടുന്നതും തീവ്രവാദ പ്രവര്‍ത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നതും തടയുന്നതിനുള്ള ആഭ്യന്തരവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതും സമ്മേളനത്തിന്‍െറ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.