എല്ലാവരും കൈയൊഴിഞ്ഞ് ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന യുവാവിനെ ഒറ്റയ്ക്ക് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് ഷൈനി ജീവന്‍ തിരിച്ചു നല്‍കി

single-img
18 February 2015

Shini2007 മാര്‍ച്ച് പത്തിനു ചക്കരപ്പറമ്പില്‍ മൂന്നു പേരുടെ മരണത്തിനിടയായ അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി നാടിന്റെ ആദരവ് ഏറ്റുവാങ്ങിയ ഷൈനി വീണ്ടും തന്റെ സഹജീവി സ്‌നേഹം തെളിയിച്ചു. ഇടക്കൊച്ചിയില്‍ റോഡ് അപകടത്തില്‍ പരുക്കേറ്റു ചോരയില്‍ കുളിച്ചു കിടന്ന യുവാവിനെ, മറ്റെല്ലാവരും കൈയൊഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് ജീവന്‍ തിരിച്ചു നല്‍കിയാണ് ഷൈനി മാതൃകയായത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്ന് റോഡില്‍ കിടന്ന സിയന്ന കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥി അരൂര്‍ സ്വദേശി ഹെമിന്‍ ഹെന്‍ട്രി (19)യ്ക്കു ചുറ്റും കാഴ്ചക്കാര്‍ ഒത്തിരിപ്പേരുണ്ടായിരുന്നു. കൂട്ടത്തില്‍ ചിലര്‍ അപകടം മൊബൈലില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു. പക്ഷേ ആരും ഹെമിനെ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സ് കാണിച്ചില്ല.

ആ സമയത്താണ് ഷൈനി അപകട സ്ഥലത്ത് എത്തുന്നത്. കാഴ്ചകണ്ടയുടനെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഷൈനി റോഡിലൂടെ വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാവിനെ താങ്ങിയെടുത്തു കയറ്റിയെങ്കിലും ആരും കൂടെ പോകാന്‍ തയാറായിരുന്നില്ല. പക്ഷേ ഷൈനി പിന്‍മാറിയില്ല. പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെത്തിച്ച യുവാവിനെ അവിടെ നിന്നും പ്രഥമ ശുശ്രൂഷ നല്‍കി വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷമാണ് ഷൈനി തിരികെ പോയത്.

ഇടക്കൊച്ചി അക്വിനാസ് കോളജിനു മുന്നില്‍ കുന്നില്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം നടത്തുന്ന ഷൈനിയെത്തേടി മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നതിന് നന്ദി പറയാന്‍ കഴിഞ്ഞ ദിവസം ഹെമിന്റെ അമ്മയെത്തി. കണ്ണിന്റെ കവചത്തിനും താടിയെല്ലിനും ഒടിവുള്ള ഹെമിന്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.