നിസാം തന്റെ രാജദൂത് ബൈക്ക് അലങ്കരിച്ചിരുന്നത് മനുഷ്യ അസ്ഥികൂടത്തിന്റെ പൂര്‍ണ്ണകായ മാതൃക ഉപയോഗിച്ച്; മയക്കുമരുന്നിന്റെ ലഹരിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ധരിച്ചിരുന്നത് പാമ്പിന്‍ തോലുകൊണ്ടുണ്ടാക്കിയ 5 ലക്ഷം വിലവരുന്ന ഷൂസും

single-img
18 February 2015

Bike

പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച അസ്ഥികൂടത്തിന്റെ പൂര്‍ണകായ മാതൃക ഉപയോഗിച്ചാണ് പഴയ രാജ്ദൂത് ബൈക്ക് മുഹമ്മദ് നിസാം അലങ്കരിച്ചിരുന്നത്. തന്റെ നാടായ മുറ്റിച്ചൂരില്‍ ഈ ബൈക്കുമായി അമിത വേഗത്തില്‍ പായുന്നത് നിഷാമിന്റെ വിനോദവുമായിരുന്നു. എന്നാല്‍ വാഹനങ്ങള്‍ക്ക് ഒരു ദൗര്‍ലഭ്യവുമില്ലാത്ത ഇയാള്‍ നാലു മാസം മുന്‍പ് ഈ ബൈക്ക് മുറ്റിച്ചൂരിലെ വീടിന്റെ ഔട്ട്ഹൗസില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു.

മയക്കുമരുന്നിന്റെ ലഹരിയില്‍ ജീവിച്ചിരുന്ന ഇയാള്‍ക്ക് ചിലകാര്യങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നുവെന്നും പറയപ്പെടുന്നു. ചന്ദ്രബോസിനെ താഴെയിട്ടു ചവിട്ടുമ്പോള്‍ നിസാം ധരിച്ചിരുന്നത് അഞ്ചു ലക്ഷം വിലവരുന്ന പ്രത്യേക തരം പാമ്പിന്റെ തോല്‍ ഉപയോഗിച്ചു നിര്‍മിച്ച ഷൂസായിരുന്നു. ലോകത്തു തന്നെ വളരെ കുറച്ചെണ്ണം മാത്രം പുറത്തിറക്കിയ ഈ ഷൂസ് ചോരപുരണ്ട നിലയില്‍ തൊണ്ടിയായി പൊലീസ് കസ്റ്റഡിയിലാണ്.

ബംഗളൂരുവില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയത് സംബന്ധിച്ച കേസ് കോടതിയില്‍ എത്തും മുമ്പേ അവസാനിപ്പിച്ചിരുന്നു. അവിടത്തെ പൊലീസ് മേധാവി ഒന്നര ലക്ഷം രൂപയ്ക്ക് ഈ കേസില്‍ നിന്നും നിസാമിനെ ഊരിപ്പോരാന്‍ സഹായിച്ചതായി സെക്യൂരിറ്റി ഗാര്‍ഡിനെ അപായപ്പെടുത്തിയതിന് പിടിയിലായ സമയത്ത് നിസാം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം സഹോദരന്റെ ഭാര്യയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ ദുരുപയോഗം ചെയ്തതു സംബന്ധിച്ച കേസും ബിസിനസുകാരനായ അബ്ദുല്‍ റസാക്ക് ഐ.ടി. നിയമപ്രകാരം നല്‍കിയ കേസും വേലൂര്‍ സ്വദേശി ഷംസുദ്ദിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും നിസാമിന്റെ ക്രൂരമുഖം വെളിവാക്കുന്നവയാണ്.

സ്ത്രീ വിഷയത്തിലും നിസാം പിന്നോട്ടല്ല. ബംഗളൂരു സ്വദേശിനിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസ് ഒരു വര്‍ഷമായി നിലവിലുണ്ട്. പക്ഷേ ചോദ്യം ചെയ്യലടക്കമുള്ള ഒരു നടപടിയും നടന്നിട്ടില്ല. മലബാര്‍ എന്‍ജിനീയറിങ് കോളജ് ഉടമകളിലൊരാളെ ഗുണ്ടകളോടൊപ്പം വീട്ടിലെത്തി ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ഇതുകൂടാതെ ഒന്‍പതു വയസ്സുള്ള മകനെക്കൊണ്ട് ഫെരാറി കാര്‍ ഓടിപ്പിച്ച് അതിന്റെ ദൃശ്യം യുട്യൂബില്‍ ഇട്ടതിനും പരിശോധനയ്‌ക്കെത്തിയ വനിതാ എസ്‌ഐയെ ആഡംബര കാറില്‍ പൂട്ടിയിട്ടതിനും കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.