നിയമങ്ങള്‍ക്ക് പഴുതുണ്ടാക്കി നരഭോജികളെ തെരുവിലേക്ക് തുറന്നു വിടരുത്

single-img
17 February 2015

ChandraBoseസഹജീവിയുടെ ജീവന് പുല്ലുവിലപോലും കല്‍പ്പിക്കാതെ തുടച്ചു നീക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് മെട്രോനഗരങ്ങള്‍ക്കൊപ്പം ഓടാനുള്ള ശ്രമത്തിലാണ് കേരളവും. തനിക്ക് താണ ഏതും തന്റെ കാല്‍ക്കീഴിലാണെന്ന ബോധം ഭരിക്കുന്ന, ഭരണസംവിധാനങ്ങളെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കാന്‍ തക്ക പ്രാപ്തിയും സ്വാധീനവുമുള്ള വ്യക്തികള്‍ സമൂഹം കയ്യടക്കുമ്പോള്‍ സാധാരണക്കാരന് നഷ്ടപ്പെടുന്നത് അവന്റെ സൈ്വര്യജീവിതം തന്നെയാണ്. ഏതുനിമിഷവും നഷ്ടപ്പെടുന്ന ജീവനുമായി ക്രൂരവും സാമ്പത്തിക ഭ്രാന്തുപിടിച്ചതുമായ ഒരു വ്യവസ്ഥിതിക്കുള്ളില്‍ പണിയെടുക്കേണ്ടി വരുന്ന സാധാരണക്കാരന്റെ യഥാര്‍ത്ഥ അവസ്ഥയുടെ ചിത്രമാണ് ശോഭ അപ്പാര്‍ട്്‌മെന്റിലെ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ചേതനയറ്റ മുഖത്തിന്റെ ചിത്രത്തിലൂടെ വ്യക്തമാകുന്നത്.

തേപ്പുപോലും തീരാത്ത ഒരു വീട്ടില്‍ ഭാര്യയും രണ്ടുമക്കളുമായി ചെറുതെങ്കിലും സന്തുഷ്ടമായ ജീവിതം നയിച്ചുവന്ന ചന്ദ്രബോസ് ജോലിയുടെ മെച്ചംനോക്കിമാത്രമാണ് ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേഷമിട്ടത്. ഓട്ടോഡ്രൈവറായും പെയിന്റുപണിക്കാരനായും കിണര്‍ ജോലിക്കാരനായും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചന്ദ്രബോസ് പാടുപെട്ടിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ മകളും ഒന്‍പതാം ക്ലാസ് വിദ്യആര്‍ത്ഥിയായ മകനുമായിരുന്നു ചന്ദ്രബോസിന്റെ പ്രതീക്ഷകള്‍. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവരുടെ പ്രതീക്ഷയായിരുന്നു അച്ഛനായ ചന്ദ്രബോസ്. ആ ഒരു പ്രതീക്ഷയെയാണ് ഒരു നരഭോജി തല്ലിതകര്‍ത്തത്.

ദയാദാക്ഷണ്യത്തിന്റെ ഒരു കണികപോലും പ്രദര്‍ശിപ്പിക്കാതെ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ നിസാം എന്നു പറയുന്ന പറയുന്നവ്യക്തി മനുഷ്യജന്മമാണെങ്കിലും മനസ്സ് മനുഷ്യനുമായി യാതൊരു ബന്ധവുമില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. നിയമപാലനത്തിനെത്തിയ വനിതാ എസ്.ഐയെ കാറില്‍ പൂട്ടിയിട്ടതും പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ആഡംബരവാഹനമായ ഫെരാരി ഓടിപ്പിച്ചതുമടക്കം പന്ത്രണ്ടോളം കേസുകളാണ് ഈ വ്യക്തിക്കെതിരെ ഉണ്ടായിരുന്നത്. സ്വന്തം സഹോദരഭാര്യപോലും ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കണമെങ്കില്‍ എത്രമാത്രമായിരിക്കും ഇയാളുടെ മനസ്സില്‍ ക്രൂരതയ്ക്കുള്ള സ്ഥാനമെന്ന് ചിന്തിക്കാവുന്നതേയുള്ളു.

സ്വാഭാവികമായും എല്ലാ പ്രശ്‌നങ്ങള്‍ക്കും മറവി ഒരു പരിഹാരമെന്നതുപോലെ ചന്ദ്രബോസിന്റെ കാര്യത്തിലും സംഭവിക്കുമോ എന്നുള്ളതാണ് സാധാരണ ജനങ്ങളുടെ ഭയം. രാഷ്ട്രീയം കുടവിടര്‍ത്തുന്നിടത്ത് നിയമം അറച്ചു നില്‍ക്കും. ഇവിടെയും അതൊക്കെതന്നെയാണ് സംഭവിക്കുന്നതെന്നു തോന്നുന്നു. നിസാമിനെതിരെ കാപ്പ ചുമത്തണമെന്ന പൊതു വികാരം ആളിപ്പടര്‍ന്നിട്ടും അത് കണ്ടില്ലെന്നു നടിക്കുകയാണ് മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍. നിസാമിനെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്ത തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബിനെ മാറ്റിയതും ഒരു അടയാളമാണ്. പണം മെത്തയാക്കി ഉറങ്ങുന്ന ധനാഡ്യരെ തൊട്ടുകളിക്കരുതെന്നുള്ള പൊതു പാഠം രാഷ്ട്രീയമായും അല്ലാതെയും ഇതുപോലെ ഇടയ്ക്കിടയ്ക്ക് പൊതു ജനങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ടി വരുമല്ലോ… അതുതന്നെയാണ് ഇതും.

വരുന്ന തലമുറകള്‍ ഇവിടെ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിസാമിനെ പോലുള്ളവരായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ വളര്‍ത്താന്‍ പറയുന്നതിനെ വളര്‍ത്താനും അവര്‍ നുള്ളാന്‍ പറയുന്നതിനെ നുള്ളാനും ഗുണ്ടകളുടെ കൂട്ടവും ഇന്ന് ഈ കേരളത്തില്‍ സജീവമായിട്ടുണ്ട്. ജനം തെരുവിലറങ്ങുന്നതും നിയമം കൈയിലെടുക്കുന്നതും ജനാധിപത്യത്തിന് വിരുദ്ധമാണ്. പക്ഷേ ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയും? നിയമ പഴുതുകളിലൂടെ ഇടമുണ്ടാക്കി നിസാമെന്ന നരഭോജിയെ തെരുവിലേക്ക് തുറന്നു വിടുന്നത് ഭരണനേതൃത്വം ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. മാതൃകാപരമായ ശിക്ഷ നല്‍കി ചെറിയവനും വലിയവനും തമ്മിലുള്ള അന്തരമില്ലായ്മ ഭരണനേതൃത്വം തെളിയിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് അതിനോടുള്ള ബഹുമാനം കൂടുകയേയുള്ളു. മറിച്ചാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടെന്നു മറ്റുള്ളവര്‍ വിളിക്കുന്ന വിളികള്‍ക്ക് നമുക്ക് ചെവികൊടുക്കാം.