മുഹമ്മദ് നിസാം എന്നാല്‍ കോടീശ്വരനായ ക്രിമിനല്‍, അക്രമവാസനയ്ക്ക് ബലിയാടായി ചന്ദ്രബോസും

single-img
16 February 2015

Untitled-1തൃശ്ശൂരിലെ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ചേരുന്ന നിര്‍വചനം ഒന്നേയുള്ളൂ……………..കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ക്രിമിനല്‍. പിന്നില്‍ എന്തിനും ഏതിനും ഉന്നതരുള്ളപ്പോള്‍ മുഹമ്മദ് നിസാം ക്രിമിനല്‍ സ്വഭാവം കാട്ടിയില്ലങ്കിലേ അത്ഭുതമുള്ളൂ. നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് ജീവിതം മുന്നോട്ടു നയിക്കുന്ന കോടിശ്വരന്‍. നിസാമിനെ അടുത്തറിയാവുന്നവര്‍ പോലും ഇയാളെക്കുറിച്ച് പറയുന്നതും അതാവും. ഇയാളുടെ സ്വഭാവം ഒരിക്കലും മുന്‍കുട്ടി പ്രവചിക്കാന്‍ സാധിക്കുകയുമില്ല.

 

നിസാമിന്റെ ആക്രമണ പരമ്പരകളില്‍ ഏറ്റവും ഒടുവിലെത്തെതാണ് തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിട്ടി ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെയുണ്ടായ അക്രമം. ഒമ്പത് വയസുള്ള സ്വന്തം മകനെ കൊണ്ട് ആഡംബര കാര്‍ ഓടിപ്പിച്ചതും വനിത എസ്‌ഐയെ കാറില്‍ പൂട്ടിയിട്ടതും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നിസാം. കോടിശ്വരനാണെങ്കില്‍ നിസ്സാം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് തൃശ്ശൂര്‍ ശോഭാ സിറ്റിയില്‍ ഉണ്ടായ മാപ്പ് അര്‍ഹിക്കാത്ത കുറ്റകൃത്യത്തിലൂടെയാണ്.

 

kingകിംഗ് ബീഡിയുടെ ഉടമകൂടിയായ നിസാമിന് 16 ആഡംബര കാറുകളും ഒരു കോടി രൂപ വിലമതിക്കുന്ന ബൈക്കും സ്വന്തമായുണ്ട്. ഇത് കൂടാതെ 26 കോടി രൂപയുടെ ആഡംബര കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. സ്വന്തമായുള്ള ഏതെങ്കിലും വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ നിസാം അസ്വസ്ഥനാകും. വാഹനം മറികടന്നാല്‍ നിസാമിന്റെ സ്വഭാവം മാറും. ആ വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ചാലേ നിസാമിന് ആശ്വാസമാകൂ. ഇത്തരത്തില്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ആക്രമിച്ച നിരവധി കേസുകളും നിസാമിന്റെ പേരിലുണ്ട്.

 

സ്ഥിരം ക്രിമിനല്‍ കേസില്‍പെടുമ്പോഴും രക്ഷിക്കാനായി ഉന്നതര്‍ പറന്നെത്തുമെന്നതാണ് നിസാമിനെ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരണയാകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിസാം ആദ്യമായി പോലീസിനെ ഞെട്ടിക്കുന്നത്. തന്‍രെ ഒമ്പത് വയസ്സുകാരനായ മകനെ കൊണ്ട് കോടികള്‍ വിലമതിക്കുന്ന ഫെരാരി കാര്‍ നിസാം ഓടിപ്പിച്ചപ്പോള്‍ നിസാം യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥിതിയെ തന്നെ വെല്ലുവിളിക്കുകയായിരുന്നു. ഫെരാരി മാത്രമല്ല, ലംബോര്‍ഗിനി, ജാഗ്വാര്‍, റേഞ്ച്‌റോവര്‍ തുടങ്ങിയ ആഡംബര കാറുകളെല്ലാം തന്റെ മകന്‍ കൈകാര്യം ചെയ്യുമെന്ന മുഹമ്മദ് നിസാമിന്റെ പ്രതികരണം കേട്ട് അന്ന് പൊലീസുകാര്‍ ശരിക്കും ഞെട്ടുകയും ചെയ്തു.

 

വാഹനപരിശോധനയ്ക്കിടെ വനിതാ എസ്.ഐ യെ പൂട്ടിയിട്ട് നിസാം വീണ്ടും വില്ലനായപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറുകയായിരുന്നു. അന്ന് മദ്യലഹരിയില്‍ പൊതുജനത്തെ സാക്ഷിയാക്കി പോലീസിനെ വെല്ലുവിളിച്ച നിസാമിനെ ബലപ്രയോഗത്തിലൂടെയാണ് സ്റ്റേഷനില്‍ എത്തിച്ചത്. പക്ഷേ ഇത്തരം കുറ്റകൃത്യങ്ങളിലെല്ലാം ഉള്‍പ്പെട്ടത് കോടീശ്വരനായ നിസാമെന്നതിനാല്‍ പോലീസിന് ഒരു ചെറുവിരല്‍പോലും അനക്കാന്‍ കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. പക്ഷേ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊന്നു എന്ന കൊടും പാതകം നിസാമിന് മേല്‍ വലിയ കുരുക്കാണ് തീര്‍ക്കുന്നത്. ഈ കേസിലും നിസാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ചരട് വലിച്ചാല്‍ പോലീസിന് എന്ത് ചെയ്യാനാവും എന്ന ചോദ്യവും ബാക്കിയാവുന്നു.

httpv://www.youtube.com/watch?v=Qhpbs_RSciI