ഡോ. ഷാനവാസ് ഭക്ഷണം നല്‍കിവന്നവര്‍ക്ക് വിശക്കാതിരിക്കാനും വസ്ത്രം നല്‍കിവന്നവര്‍ക്ക് അത് മുടങ്ങാതിരിക്കാനും ആദിത്യന്‍ കൊളുത്തിയ കാരുണ്യത്തിന്റെ ദീപം ഒരു സമൂഹം ഏറ്റെടുക്കുന്നു

single-img
16 February 2015

Shanavasഡോ. ഷാനവാസ് വിശപ്പുമാറ്റിയ ആര്‍ക്കും നാളെ മുതലും വിശക്കില്ല .അവന്‍ മരുന്നും വസ്ത്രവും നല്‍കിയ ആര്‍ക്കും നാളെ മുതല്‍ വസ്ത്രവും മുടങ്ങുകയുമില്ല. കാരണം ഒരു ആദിത്യനെ ഇല്ലാതാക്കിയാല്‍ പകരം ഒരായിരം ആദിത്യന്‍മാര്‍ ഉദിച്ചുവരുമെന്നുള്ള സ്വാഭാവിക സത്യം ഇവിടെയും ആവര്‍ത്തിക്കുകയാണ്. ഫേസ്ബുക്കിലുടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയുമുള്ള വിപ്ലവം പങ്കുവെയ്ക്കലിനും ഐക്യദാര്‍ഡ്യ പ്രഖ്യാപനത്തിലും ഒതുങ്ങുകയല്ല ഡോ. ഷാനവാസിന്റെ മരണാനന്തരം പൊതുസമൂഹം.

ഷാനവാസ് ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ ജീവിച്ചത് അത് ഇനിയും അകലെയാണ്. ആ ഒരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ഷാനവാസിന്റെ പ്രിയസുഹൃത്തുക്കള്‍ ഇന്ന് പിന്തുണയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഡോ. ഷാനവാസ് എന്ന മനുഷ്യസ്‌നേഹി തന്റെ ജീവിതം കൊണ്ട് വിശപ്പ് മാറ്റിയവര്‍ക്ക് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ഇനിവരും ദിവസങ്ങളിലുണ്ടാകുന്ന ആകുലതകള്‍ക്ക് പരിഹാരമായി അഡ്വ. ജഹാംഗീര്‍, അനീഷ്, ജഷ്മി, ജാഫര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനങ്ങളിലേക്കിറങ്ങുകയാണ്. സ്വന്തം സമ്പാദ്യം ചെലവാക്കി പാവങ്ങളുടെ കണ്ണീരൊപ്പിയ ഷാനവാസിന് പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന ശ്രദ്ധാഞ്ജലി.

ആദിത്യന്‍ തുറന്ന യുദ്ധത്തിനൊരുങ്ങുകയാണ്. നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തെടിക്കൊള്ളൂ… ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്. എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ,.. പക്ഷേ… പൂര്‍ത്തിയാകാത്ത ആ വാക്കുകള്‍ക്കു പിന്നിലൊളിഞ്ഞിരിക്കുന്ന സത്യവും പുറത്തുവരണം. അതിനും കൂടയാണ് ഈ പടപ്പുറപ്പാട്. പക്ഷേ മരണവാര്‍ത്തയ്ക്കും ഫോട്ടോയ്ക്കും ചുവട്ടിലിടുന്ന ഒരു കമന്റിലോ അതിനപ്പുറം സ്വന്തം വാളില്‍ ഇടുന്ന ഒരു പോസ്റ്റിലോ ഒതുങ്ങാനല്ല ഈ പുതു വിപളവം ഉദയം ചെയ്തിരിക്കുന്നത്. ഷാനവാസിന്റെ ഓര്‍മ്മയ്ക്കായും ഷാനവാസിന് നീതി ലഭിക്കാനായും ആരും പ്രത്യേക പേജുകള്‍ തുടങ്ങേണ്ട ആവശ്യമില്ലെന്നും സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഷാനവാസിന്റെ സ്വന്തം പ്രൊഫൈല്‍തന്നെ ഒരു പേജാക്കിയെടുത്ത് അതുവഴി അദ്ദേഹത്തോടുള്ള സ്‌നേഹവും അദ്ദേഹം ചെയ്തുവന്ന നന്മകള്‍ക്കു തുടര്‍ച്ചയും സൃഷ്ടിക്കാനാണ് നോക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഷാനവാസിന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ ‘ആത്മ’ എന്ന ട്രസ്റ്റുമായി മുന്നോട്ട് പോകുവാനാണ് സുഹൃത്തുക്കളുടെ തീരുമാനം. എന്നാല്‍ ഷാനവാസിന് വേണ്ടി പേജ് തുടങ്ങാനോ, മറ്റു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിക്കാനോ സമ്പത്ത് ശേഖരിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ അറിയിക്കുന്നു.

ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും നേരെ നീട്ടിയ കാരുണ്യത്തിന്റെ കൈകളും വമ്പന്‍മാരായ മരുന്നുമാഫികള്‍ക്കെതിരെയുള്ള പോരാട്ടവും ആരോഗ്യവകുപ്പിലെ ക്രമക്കേടുകള്‍ക്കെതിരെയുയര്‍ന്ന ശബ്ദവുമെല്ലാം ഡോ. ഷാനവാസ് എന്ന അനശ്വര വ്യക്തിയുടേതായിരുന്നുവെന്നും അദ്ദേഹം കൊളുത്തിയ തിരിനാളം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും നമുക്കോര്‍ക്കാം.