മിക്കവരും അവയവദാനത്തെപ്പറ്റി സംസാരിക്കുക മാത്രം ചെയ്തപ്പോള്‍ തങ്ങളുടെ വൃക്കകള്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പകുത്ത് നല്‍കി യുവദമ്പതികളായ ഷാജുവും ഗീതുവും അത് പ്രവൃത്തിയില്‍ കാണിച്ചു

single-img
14 February 2015

DYFI

മിക്കവരും അവയവദാനത്തെപ്പറ്റി വാ തോരാതെ സംസാരിക്കും. എന്നാല്‍ പ്രവൃത്തിയില്‍ പിന്നോട്ട് നില്‍ക്കുകയും ശചയ്യും. എന്നാല്‍ കല്ലൂര്‍ക്കാട് കാരാമ്മേല്‍ ഷാജു ബാലന്‍ (31), ഭാര്യയും ആനിക്കാട് അടൂപറമ്പ് കൊറ്റിശ്ര വീട്ടില്‍ കുഞ്ഞിന്റെ മകളായ ഗീതു (30) എന്നിവര്‍ അങ്ങനെയല്ല. അവര്‍ വാക്കുകളേക്കാള്‍ കൂടുതല്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ ഓരോ വൃക്കകള്‍ മറ്റു രണ്ടുപേര്‍ക്ക് നല്‍കി അവയവദാനത്തിലൂടെ സാന്ത്വനം പകരാന്‍ ഈ യുവദമ്പതികള്‍ക്ക് കഴിഞ്ഞതും.

സമൂഹത്തിലെ താഴെത്തട്ടിന്റെ അവകാശികളായ രോഗികള്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമേകാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇരുവരും ഒരു വര്‍ഷം മുമ്പാണ് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുവാനുള്ള തീരുമാനമെടുത്തത്. അങ്ങനെയാണ് 2014 ഏപ്രില്‍ 3ന് മുളന്തുരുത്തി സ്വദേശിനിയായ ആലി വിന്‍സി(48)ക്ക് ഗീതു തന്റെ വൃക്കകളിലൊന്ന് സൗജന്യമായി നല്‍കിയത്.

പ്രിയതമയ്ക്ക് പിറകേ കഴിഞ്ഞ വ്യാഴാഴ്ച ഷാജു തന്റെ വൃക്ക ജീവിതം എന്തെന്ന് അറിഞ്ഞുമാത്രം വരുന്നതിനിടയില്‍ വിധിയുടെ ബലിയാടായ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ഷിഫിലി (13)ക്ക് സൗജന്യമായി നല്‍കി. രണ്ടുപേരും തങ്ങളുടെ വൃക്ക ദാനം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചു തന്നെ.

സ്ഥലം വാങ്ങി വീടു നിര്‍മിച്ചു വില്‍ക്കുന്ന തൊഴില്‍ ചെയ്യുന്ന ഷാജുവും ഗീതുവും എട്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഏതു പ്രതിസന്ധിക്കിടയിലും
കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം മറ്റുള്ളവരെ സഹായിക്കാനും ഇരുവരും മാറ്റിവയ്ക്കാറുണ്ട്. ഇപ്പോള്‍ സമൂഹത്തെ അവയവദാനത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനുള്ള തയാറെടുപ്പിലാണ് ഡി.വൈ.എഫ്.ഐ. കല്ലൂര്‍ക്കാട് വൈദ്യശാലപ്പടി യൂണിറ്റ് പ്രവര്‍ത്തകരായ ഇവര്‍.