കേരളത്തിനു വേണ്ടി തുഴഞ്ഞ് തന്റെ 31 മത് സ്വര്‍ണ്ണവും നേടിക്കൊടുത്ത ശേഷമേ മിനിമോള്‍ തന്റെ പങ്കായം നിലത്തുവെച്ചുള്ളു; മിനിക്കൊപ്പം സ്വര്‍ണം നേടിയ അനുഷയും ജസ്റ്റിയും ട്രീസയും തങ്ങളുടെ മെഡല്‍ നീണ്ട 20 വര്‍ഷം നാടിനുവേണ്ടി പൊരുതിയ തങ്ങളുടെ മിനിചേച്ചിക്ക് സമര്‍പ്പിച്ചു

single-img
13 February 2015

3600708449_sp-minimol-4colനീണ്ട 20 വര്‍ഷത്തെ കായിക ജീവിതം മതിയാക്കി കേരളത്തിന്റെ എക്ാലത്തേയും വലിയ താരം മിനിമോള്‍ ജലത്തില്‍ നിന്നും കരയ്ക്കു കയറി. കയാക്കിങ് കെ4 ഇനത്തില്‍ കേരളത്തെ മുന്നില്‍ നിന്നും നയിച്ച് സ്വര്‍ണ്ണമണിയിച്ച അവരുടെ മിനിച്ചേച്ചിക്ക് സ്വര്‍ണ്ണ നേട്ടത്തില്‍ പങ്കാളികളായ അനുഷയും ജസ്റ്റിയും ട്രീസയും തങ്ങളുടെ മെഡല്‍ സമര്‍പ്പിച്ചു.

സ്വന്തം നാട്ടുകാരുടെ മുന്നില്‍ മത്സരിച്ച് ജയിച്ച് കളമൊഴിയണമെന്ന ആഗ്രഹമാണ് മിനി പൂര്‍ത്തിയാക്കിയത്. ഒരുപക്ഷേ ഈ ഖേലകളിലേക്ക് ഇനി വരുന്നവര്‍ക്ക് കാണാനാകുന്നത് മിനിനേടിയ അസാധാരണ റിക്കോര്‍ഡുകളാകും. 20 വര്‍ഷം മിനി കയാക്ക് സിംഗിള്‍സ് മത്സരങ്ങളില്‍ മറ്റാര്‍ക്കും മെഡല്‍ വിട്ടുകൊടുത്തിട്ടില്ല. 1994 മുതല്‍ 2015 വരെയുള്ള എല്ലാ ദേശീയ ഗെയിംസിലും മെഡല്‍ നേടി ഇപ്പോള്‍ തന്റെ 43മത് വയസ്സിലും സ്വര്‍ണ്ണമണിഞ്ഞാണ് മിനി മടങ്ങുന്നത്. മറ്റാര്‍ക്കും അത്രപെട്ടെന്ന് തിരുത്താനാകാത്ത റിക്കോര്‍ഡുകളും സ്വന്തമാക്കി.

വള്ളം തുഴഞ്ഞുള്ള മത്സരം എന്ന കൗതുകമാണ് സ്‌കൂള്‍ കാലത്തിന് ശേഷം 1990ല്‍ ആലപ്പുഴ സായിയിലെ ആദ്യ വനിതാ ബാച്ചില്‍ മിനിയെ എത്തിച്ചത്. പിന്നെയെല്ലാം ചരിത്രമായിരുന്നു. ’94ല്‍ പുണെ ദേശീയ ഗെയിംസില്‍ മെഡല്‍ നേടി തുടങ്ങിയ പുഴവാത് കിഴക്കേവാലുമ്മേല്‍ കുട്ടപ്പന്റെയും ചെല്ലമ്മയുടെയും മകളുടെ വിജയഗാഥ ദേശിയ തലത്തിലേക്കും നീണ്ടു. ഏഷ്യന്‍ഗെയിംസില്‍ നാലാം സ്ഥാനവും നേടി1991ലെ ഏഷ്യന്‍ മാരത്തണില്‍ വെള്ളി സ്വന്തമാക്കിയ മിനിയെ ‘ഗോള്‍ഡന്‍ ഗേള്‍’ എന്നാണ് വിളിച്ചിരുന്നത്. ഏഷ്യന്‍ മാരത്തണിലെ വിജയം മിനി സമര്‍പ്പിച്ചത് ഇന്ത്യന്‍ കായിക വേദിക്കാണ്.

3601218150_sp-canoeing-gold-3col

എന്നാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന സിദ്ധാന്തത്തിന് ഉദാഹരണമാണ് കേരളത്തിന്റെ ഈ മെഡല്‍വേട്ടക്കാരി ഇന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി കൃഷിവകുപ്പിലിരിക്കുന്നത്. ഇതേ സ്ഥാനത്ത് തന്നെയാണ് മിനി ജോലിക്ക് അന്ന് പ്രവേശിച്ചതും. 31 സ്വര്‍ണം നേടിയ ഈ താരത്തിന് ജോലിക്കയറ്റം കൊടുക്കണം എന്ന് ആര്‍ക്കും തോന്നിയിട്ടില്ല. മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ക്രിമെന്റു പോലും നല്‍കിയിട്ടില്ലെന്നതാണ് നാണം കെട്ട മറ്റൊരു വസ്തുത.

ഭര്‍ത്താവ് കെ.സുനില്‍ ജില്ലാ ബാങ്കില്‍ ജോലിചെയ്യുന്നു. ഒന്പത് വയസ്സുള്ള മകള്‍ ശ്രീലക്ഷ്മി അമ്മയുടെ ശിക്ഷണത്തില്‍ തുഴച്ചില്‍ പഠിക്കുന്നുമുണ്ട്. മറ്റൊരു മകള്‍ ഗംഗ.