പഞ്ചാംഗം നോക്കി നാളും തീയതിയും നിശ്ചയിച്ച് ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന വര്‍ക്കല സ്വദേശിയും മകനും പോലീസിന്റെ പിടിയിലായി

single-img
13 February 2015

jayarajanപഞ്ചാംഗം നോക്കി നാളും തീയിതിയുമൊക്കെ നിശ്ചയിച്ച് 31 ക്ഷേത്രങ്ങളില്‍ തിരുവാഭരണ കവര്‍ച്ച വര്‍ക്കല സ്വദേശിയും മകനും ഒടുവില്‍ പോലീസിന്റ പിടിയിലായി. തൃശൂരില്‍ നിന്നും ഷാഡോ പോലീസാണ് വര്‍ക്കല സ്വദേശി ഭജനമഠം വീട്ടില്‍ ജയരഞ്ജനും (55), പതിമൂന്ന്കാരന്‍ മകനേയും പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് തൃശൂര്‍ അഞ്ചുവിളക്കിനു സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍നിന്നു കവര്‍ന്ന തിരുവാഭരണം, രണ്ടു പുലിനഖങ്ങള്‍, 26,000 രൂപ എന്നിവ ഇവരില്‍നിന്നു കണെ്ടടുത്തു. തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 31 ക്ഷേത്രങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി മോഷണം നടത്തിവരികയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു. ഇത്രയും കവര്‍ച്ച നടത്തിയിട്ടുണെ്ടങ്കിലും ആദ്യമായാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.

പ്രത്യേക രീതിയിലാണ് ജയരഞ്ജന്‍ മോഷണം നടത്തുന്നത്. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേത്രത്തില്‍ ആദ്യ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ കുട്ടിയെയും കൂട്ടി വന്ന് തൊഴുവും. ‘ഘോരം ഘോരം അശുദ്ധ ഭവഃ’ എന്ന മന്ത്രം ചൊല്ലി അമ്പല മതില്‍ക്കെട്ടിനകത്ത് ജയരഞ്ജന്‍ കുറച്ച് വെള്ളമെടുത്ത് തളിക്കും. കോവിലിനുള്ളിലെ വിഗ്രഹത്തിന്റെ ചൈതന്യം ഇതോടെ തത്കാലം വിട്ടുപോകുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. അതിനുശേഷം വഴിപാട് നടത്തണമെന്നാവശ്യപ്പെട്ട് എപ്പോഴാണ് നടതുറക്കല്‍, തിരുവാഭരണങ്ങളെന്തൊക്കെ എന്നെല്ലാം ശാന്തിക്കാരോടും മറ്റും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ലോഡ്ജിലേക്ക് മടങ്ങും.

്‌മോഷണദിവസം പുലര്‍ച്ചെ ഓട്ടോ വിളിച്ച് ക്ഷേത്രത്തിലെത്തിയശേഷം പൂജാരി ശ്രീകോവില്‍ തുറന്ന് പ്രധാന പൂജയ്ക്ക് ശേഷം ശാന്തി ഉപദേവന്മാരെയും മറ്റും പൂജിക്കാനിറങ്ങുന്ന സമയത്ത് ഇയാളും കൂടെയുണ്ടാകും. ഈ സമയം മകന്‍ ശ്രീകോവിലില്‍ കയറി തിരുവാഭരണങ്ങള്‍ എടുക്കും. ഉപദേവന്മാരുടെ പൂജ തീരുന്നതിന് മുമ്പ് പുറത്തിറങ്ങി വിളിച്ചുവന്ന ഓട്ടോയില്‍ കയറി ലോഡ്ജിന് വളരെ അകലെ നിറുത്തി ഓട്ടോക്കാരനെ പറഞ്ഞുവിടും. അന്നുതന്നെ അവര്‍ ആ നാടും വിടും.

തൃശൂര്‍ ജില്ലയില്‍ അത്താണി ആനേടത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നംകുളം ശ്രീ പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം, പേരാമംഗലം ചീരംകുഴി ബാലസുബ്രഹ്മണ്യ ക്ഷേത്രം, കൊടകര കണ്ടന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചാലക്കുടി മരുത്തോംപിള്ളി ശ്രീകൃഷ്ണ ക്ഷേത്രം, മാള ശ്രീപ്രസാദ പുരേശ്വര മുകുന്ദ കൃഷ്ണസ്വാമി ക്ഷേത്രം, കുന്നംകുളം ചോമ്പാല അകതിയൂര്‍ ശ്രീ വേണുഗോപാലക്ഷേത്രം, ചൊവ്വൂര്‍ കുറ്റിക്കാടുപറമ്പില്‍ രുധിരമാല ഭഗവതിക്ഷേത്രം, കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാരയില്‍ ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നായി തിരുവാഭരണങ്ങള്‍ ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.