കോട്ടയം ജില്ലാ ആശുപത്രിയില്‍ കാലൊടിഞ്ഞു കിടക്കുന്ന ഷാജിയെ കാണാന്‍ സന്ദര്‍ശകരുടെ തള്ളിക്കയറ്റം; സംശയം തോന്നിയ സഹരോഗികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ഷാജി കിടന്ന കിടക്കയ്ക്കടിയില്‍ നിന്നും കണ്ടെത്തിയത് അരകിലോയോളം കഞ്ചാവ്

single-img
13 February 2015

Shajidഎട്ടുദിവസം മുമ്പ് കാലൊടിഞ്ഞ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കൈപ്പുഴ കുട്ടോമ്പുറം ഇല്ലിപ്പറമ്പില്‍ ഷാജി തോമസി(മോളി ഷാജി 44)നെ കാണാന്‍ സന്ദര്‍ശകരുടെ തള്ളിക്കയറ്റമായിരുന്നു. സംശയം തോന്നിയ സഹരോഗികള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പോലീസ് ആശുപത്രിയിലെത്തി പരിശോധനനടത്തി. പരിശോധനയില്‍ പോലീസും മറ്റു രോഗികളും ഞെട്ടി. കാരണം ഷാജി കിടന്ന മെത്തയുടെ അടിയില്‍നിന്നു പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത് അരകിലോയോളം തൂക്കം വരുന്ന കഞ്ചാവ്. സന്ദര്‍ശകരായി എത്തിയത് കഞ്ചാവ് വാങ്ങുന്നവരാണെന്ന് അപ്പോഴാണ് മറ്റു രോഗികള്‍ക്ക് മനസ്സിലായത്.

ഇന്നലെ ഉച്ചയോടെയാണു പ്രസ്തുത സംഭവം. ജില്ലാ ആശുപത്രിയിലെ 11ാം വാര്‍ഡില്‍ എട്ടു ദിവസം മുമ്പാണു ഷാജി അഡ്മിറ്റായത്. കഞ്ചാവ് വില്‍പനയ്ക്കു സൗകര്യപ്രദമായ സ്ഥലമെന്നു തിരിച്ചറിഞ്ഞു ഷാജി ജില്ലാ ആശുപത്രി വിനിയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പമുണ്ടായിരുന്ന ഭാര്യ പോലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.

ആവശ്യക്കാര്‍ക്ക് ഭാര്യയുടെ സഹായത്തോടെ പൊതികളാക്കിയ കഞ്ചാവ് നല്‍കുകയായിരുന്നു പതിവ്. ഇയാളുടെ രണ്ടു മൊെബെല്‍ ഫോണുകളില്‍ വിളിച്ച് അന്വേഷിച്ചശേഷമാണ് ആവശ്യക്കാര്‍ എത്തിയിരുന്നത്. ഇയാള്‍ ആശുപത്രിയില്‍ സമയം ചെലവഴിച്ചിരുന്നത് ലാപ്‌ടോപ്പില്‍ സിനിമ കണ്ടും സ്പീക്കറുകള്‍ ഘടിപ്പിച്ച് പാട്ടു കേട്ടുമൊക്കെയായിരുന്നുവെന്നാണ് മറ്റു രോഗികള്‍ പറയുന്നത്. മെഡിക്കല്‍ കോളജില്‍നിന്നു തുടര്‍ ചികിത്സയ്ക്കായാണ് രണ്ടു കാലുകളിലും പ്ലാസ്റ്ററിട്ട പ്രതി ജില്ലാ ആശുപത്രിയിലെത്തിയതെന്നാണ് പറഞ്ഞിരുന്നത്.