അധ്യാപികയുടെ മകന്റെ വിവാഹത്തിന് സര്‍ക്കാര്‍ സ്‌കൂളിന് അവധി നല്‍കി അധ്യാപകര്‍ വിവാഹത്തിന് പോയി

single-img
9 February 2015

Parakkal School

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ സ്‌കൂളിന് അവധി നല്‍കിയതായി പരാതി. സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നേടിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തിലെ പാറയ്ക്കല്‍ ഗവ. യു.പി.എസിനെതിരെയാണ് പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. അന്നുതന്നെയായിരുന്നു സ്‌കൂളിലെ അധ്യാപികയുടെ മകന്റെ വിവാഹവും. ഈ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി സ്‌കൂളിന് മനഃപൂര്‍വ്വം അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആ ദിവസം അവധി പ്രഖ്യാപിച്ചുവെന്നാണ് സ്‌കൂളിലെ വിശദീകരണം.

പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ പ്രസ്തുത ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്ക് ആ ദിവസം ഉച്ചയ്ക്ക് ശേഷം അവധിപ്രഖ്യാപിക്കുകയാണ് ചെയ്യുക. ബുധനാഴ്ച നടന്ന ഘോഷയാത്രയ്ക്ക് പതിവുപോലെ സ്‌കൂളിന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനെ കൂടാതെയാണ് പിറ്റേ ദിവസം അപ്രതീക്ഷിതമായി മുഴുനീള അവധിയും പ്രഖ്യാപിച്ചത്. ധാരാളം കുട്ടികള്‍ അന്നേദിവസം ക്ലാസിനെത്തി സ്‌കൂള്‍ തുറക്കാത്തതിനാല്‍ മടങ്ങിപ്പോയിരുന്നു.

സ്‌കൂള്‍ അധികൃതരും പി.ടി.എയും ഒത്തുകളിച്ചകൊണ്ടുള്ളതായിരുന്നു വ്യാഴാഴ്ച സ്‌കൂളിന് നല്‍കിയ അവധിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ അവധിയുടെ കാര്യം പി.ടി.എ അറിഞ്ഞിട്ടില്ലെന്ന് അതിനോട് ബന്ധപ്പെട്ടവര്‍ പറയുന്നു. അവധിവിവാദം ഉയര്‍ന്നുവന്നതോടെ വ്യാഴാഴ്ചത്തെ ക്ലാസ് ശനിയാഴ്ചയാക്കി സ്‌കൂള്‍ അധികൃതര്‍ വീഴ്ച മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച എത്തിയ അധ്യാപകരും കുട്ടികളും കുറവായിരുന്നു. സ്വാകാര്യ ആവശ്യത്തിനായി സര്‍ക്കാര്‍ സ്‌കൂളില്‍ അവധി നല്‍കിയ നടപടിക്കെതിരെ നാട്ടുകാരില്‍ നിന്നും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി പോയിക്കഴിഞ്ഞു.