പാമ്പുകള്‍ പത്തിവിടര്‍ത്തുന്നത് ധീരത കൊണ്ടല്ല, ഭയം കൊണ്ടാണ്

single-img
9 February 2015

Ohmjiയഥാര്‍ത്ഥ വിഷപ്പാമ്പുകള്‍ വിഷം ചീറ്റാന്‍ തുടങ്ങിയിരിയ്ക്കുന്നു. മോഡിവല്‍ക്കരിക്കപ്പെട്ട ഇന്ത്യയില്‍ ആദ്യം തലപൊക്കിയ നീര്‍ക്കോലികളല്ല ഇനി. യഥാര്‍ത്ഥ രാജവെമ്പാലകളുടെ കാലം തുടങ്ങുന്നു.

‘ദേശദ്രോഹിയായ ഗാന്ധിയെ ഞങ്ങള്‍, ഹിന്ദുമഹാസഭയാണ് വെടിവെച്ചു കൊന്നത്. ഇനി കെജ്രിവാളിനേയും കൊല്ലും. ദേശദ്രോഹികളെ എല്ലാം കൊല്ലും. ഇരുപത്തൊന്നുവട്ടം ക്ഷത്രിയനിഗ്രഹം നടത്തിയ പരശുരാമന്റെ പരമ്പരയാണ് ഞങ്ങള്‍, കൊല്ലല്‍ ഞങ്ങള്‍ പുത്തരിയല്ല…’

ഇക്കഴിഞ്ഞ രക്തസാക്ഷിദിനത്തില്‍ ചില സംഘികള്‍ ഗാന്ധിവധത്തിലെ ഉത്തരവാദിത്തത്തില്‍ നിന്നു തലയൂരാന്‍ ഏറെക്കാലമായി കേള്‍ക്കുന്ന വ്യാജചരിത്രം ഛര്‍ദ്ദിയ്ക്കുന്നത് പലയിടങ്ങളിലും വായിച്ചിരുന്നു. ഓംജിയ്ക്ക്, സര്‍വ്വസംഗപരിത്യാഗിയായ സന്യാസിവര്യന് പക്ഷേ ഒരു സംശയവുമില്ല. ‘ഞങ്ങള്‍ ആണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്’ എന്ന് ഏതോ പുണ്യപ്രവൃത്തിയെപ്പറ്റിയെന്നവണ്ണം ലാഘവഭാവത്തില്‍ പറയുന്നതിനു മടിയുമില്ല. ഇലക്ഷന്‍ കമ്മീഷനല്ല, ഭരണകൂടം തന്നെയും ഒരു പുല്ലും തന്നെയോ താന്‍ പ്രതിനിധീകരിയ്ക്കുന്ന ജന്തുമഹാസഭയേയോ തൊടില്ല എന്ന ധാര്‍ഷ്ട്യം ആസകലമുണ്ട്.

ഇനി ഓംജി സംസാരിച്ചുതുടങ്ങുന്ന ചരിത്രം ശ്രദ്ധിയ്ക്കുക. ചരിത്രത്തില്‍ തൊട്ടേ ഒരു ആമൂലാഗ്രവര്‍ഗീയവിഷജീവി ഏതുനിമിഷവും സംസാരിച്ചുതുടങ്ങൂ. വര്‍ഗീയചരിത്രത്തിന്റെ ബൃഹദ്ധാരയിലാണ് തങ്ങള്‍ നില്‍ക്കുന്നത് എന്ന് ഓരോ നിമിഷവും അവരോര്‍മ്മിപ്പിച്ചുകൊണ്ടിരിയ്ക്കും. ‘ഗോള്‍വാള്‍ക്കര്‍ജീ’ ആദ്യം ഹിന്ദുമഹാസഭ ഉണ്ടാക്കിയതും ‘വീര്‍സാവര്‍ക്കര്‍ജീ’ യുടെ കടന്നുവരവും, ആര്‍ എസ് എസും ഹിന്ദുമഹാസഭയും ഏകോദരസോദരങ്ങളായി ഉണ്ടായതും മൈക്ക് കിട്ടിയ ഉടനേ പറയണം. അതായത്, ഒരേ കാളിയന്റെ രണ്ടു ഫണങ്ങളാണ് ഞങ്ങള്‍ ആര്‍ എസ് എസും ഹിന്ദുമഹാസഭയും. ഒരു ഫണത്തിന്റെ നാവാണ് പ്രധാനമന്ത്രിയായിരിയ്ക്കുന്നത് ടിപ്പിക്കല്‍ സംഘപരിവാര്‍ പ്രൊഡക്ട് ആയ നരേന്ദ്രമോഡി. രണ്ടാം ഫണത്തിന്റെ നാവായ ഞാന്‍ പറയുന്നു കൊല്ലും. ആരെയും കൊല്ലും. ദേശദ്രോഹിയെന്ന തോന്നുന്ന ആരെയും കൊല്ലും. ഗാന്ധിയെ ഞങ്ങള്‍ കൊന്നു. നാളെ കെജ്രിവാളിനെയും കൊല്ലും. ഇതാണ് ചുരുക്കം.

സിമ്പിളാണു കാര്യം. ‘പാപത്തെ വെറുക്കുകയും പാപിയോടു പൊറുക്കുകയും ചെയ്യുന്ന’ ഗോഡ്‌സേയോടു അനുതാപവും ഗാന്ധിവധത്തോടും സഹതാപവും കാണിക്കുന്ന സംഘികളുടെ അടവ് ഹിന്ദുമഹാസഭയെപ്പോലൊരു ഉഗ്രവിഷവര്‍ഗ്ഗത്തിന് ആവശ്യമുള്ളതല്ല. ഇതേ വിഷമുള്ള മൂന്നാം ഫണത്തിന്റെ, ശിവസേനയുടെ ആചാര്യനേതാവ് ബാല്‍താക്കറേ 1991 മെയ് 16ന് പൂനൈയില്‍ വെച്ച് ഗോഡ്‌സേ ചെയ്ത പുണ്യപ്രവൃത്തിയേപ്പറ്റി ഇതിലും ഒട്ടും കുറയാത്ത പ്രത്യക്ഷഭാഷയില്‍ പ്രസംഗിച്ചു. ഗോഡ്‌സേ ഒരു വാടകക്കൊലയാളിയല്ലെന്നും രാഷ്ട്രത്തെ വഞ്ചിച്ച ഗാന്ധിയെയാണ് ഗോഡ്‌സേ കൊന്നതെന്നും താക്കറേ അന്നു പറഞ്ഞപ്പോള്‍ അന്നത്തെ ബിജെപി അദ്ധ്യക്ഷന്‍ പ്രമോദ് മഹാജനോ അദ്വനിയോ ബാല്‍ താക്കറെയെ കുറ്റപ്പെടുത്തിയില്ല. തന്റെ നിലപാടിനോട് വിയോജിക്കുന്നു എങ്കില്‍ തിരഞ്ഞെടുപ്പുസഖ്യത്തില്‍ നിന്നു വിട്ടുപോവാന്‍ ബാല്‍താക്കറേ അന്നു ബിജെപിയെ വെല്ലുവിളിച്ചു. ആരും ഒരക്ഷരം മിണ്ടിയില്ല. ഇപ്പൊഴിതാ, ഓരോ ഫണങ്ങളായി അതേ വിഷം ചീറ്റിത്തുടങ്ങുകയാണ്.

എന്തായാലും ഒന്നോര്‍ക്കുന്നതു നന്ന്, പാമ്പുകള്‍ പത്തിവിടര്‍ത്തുന്നത് ധീരത കൊണ്ടല്ല, ഭയം കൊണ്ടാണ്. മാനവികതയുടെ, മനുഷ്യത്വത്തിന്റെ സംഘശക്തിയ്ക്കു മുന്നില്‍ ഭയപ്പെട്ട ചരിത്രമേ എന്നും ഈ പാമ്പുകള്‍ക്കുള്ളൂ. ബ്രിട്ടീഷുകാരുടെ കാലില്‍ വീണിഴഞ്ഞു മാപ്പുപറഞ്ഞ് ആന്തമാനില്‍ നിന്നു രക്ഷപ്പെട്ട് ‘ഹിന്ദുത്വ്’മെന്ന അസ്ഥിവാരം പണിത ഭീരുസാര്‍വര്‍ക്കജീ മുതല്‍ എല്ലാ പാമ്പുകളുടെയും അടിസ്ഥാനവികാരം ധീരതയല്ല, ഭയമാണ്. മാനവികതയെ ഭയപ്പെടാതെ ഫാഷിസം ഒരിയ്ക്കലും ഒരിടത്തും നാടുവാണിട്ടില്ല. എന്നേയ്ക്കുമായി മാനവികതയോട് ഒരിയ്ക്കലും ഒരിടത്തും ഫാഷിസം ജയിച്ചിട്ടുമില്ല.
കല്‍പ്പിതകഥകളിലെ വിഷസര്‍പ്പങ്ങളെപ്പോലെ ഓരോ ഫണങ്ങള്‍ക്കും പകരം ഓരോന്നു മുളച്ചുവന്നുകൊള്ളട്ടെ. ആയിരം ഓംജികള്‍ ഇനിയും വിഷം ചീറ്റട്ടെ. ഏത് ഇരുട്ടിനുമപ്പുറം വെളിച്ചമുണ്ട്. അസ്മയങ്ങള്‍ അനശ്വരങ്ങളല്ല.