മല്‍സ്യത്തിന്റെ സഞ്ചാരവഴികള്‍ പഠിക്കാന്‍ യന്ത്രക്കമ്മൽ

single-img
7 February 2015

taunnamedകൊച്ചി: മല്‍സ്യത്തിനും കമ്മലിടുകയാണ് ഇന്‍ഡ്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് (ഇന്‍കോയിസ്). ആ കമ്മല്‍ പക്ഷേ, ഒരു തിരിച്ചറിയല്‍ ഉപകരണമാണ്. മല്‍സ്യം പോകുന്ന വഴികള്‍, അവയുടെ ആവാസവ്യവസ്ഥ മുതലായവയെല്ലാം ജിപിഎസിന്റെയും ഉപഗ്രഹത്തിന്റെയും സഹായത്തോടെ മനസ്സിലാക്കി വിവരശേഖരം തയ്യാറാക്കുകയും അവ മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും ലഭ്യമാക്കുകയുമാണ് പിസാറ്റ് (പോപ്പപ് സാറ്റലൈറ്റ് ആര്‍ക്കൈവ്‌സ് ടാഗ് ഡേറ്റ) എന്ന ഫിഷ് ടാഗിലൂടെ ഇന്‍കോയിസ് ചെയ്യുന്നത്.

 

കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിലെ ഇന്‍കോയിസിന്റെ സ്റ്റാളില്‍ ഈ ചെറു ഉപകരണവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

unndgamedചൂര മല്‍സ്യത്തിലാണ് ഈ ഉപകരണം ഇപ്പോള്‍ ഘടിപ്പിക്കുന്നത്. മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ പിടികൂടുന്ന മല്‍സ്യത്തിന്റെ ചെകിളയില്‍ ഈ ടാഗ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. നാല്‍പത് ഗ്രാം തൂക്കവും ആന്റിന ഉള്‍പ്പെടെ 12 ഇഞ്ച് നീളവുമുള്ള ഈ ടാഗ,് മല്‍സ്യത്തിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കില്ല. മൂന്നുമാസം ഈ മല്‍സ്യം സഞ്ചരിക്കുന്ന വഴികള്‍ നിരീക്ഷിക്കുകയും അവിടങ്ങളിലെ ആഴം, താപനില തുടങ്ങിയവ ഫിഷ് ടാഗിനുള്ളിലെ ഉപകരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. മൂന്നുമാസത്തിനുശേഷം ഈ ഉപകരണം മല്‍സ്യത്തിന്റെ ചെകിളയില്‍ നിന്ന് തനിയെ വേര്‍പെട്ട് ജലോപരിതലത്തില്‍ വരികയും വിവരങ്ങള്‍ ഉപഗ്രഹം വഴി ഇന്‍കോയിസിന്റെ മോണിട്ടറിംഗ് സംവിധാനത്തില്‍ എത്തിക്കുകയും ചെയ്യും. അതോടെ ഈ ഉപകരണം ഉപേക്ഷിക്കപ്പെടുന്നു.

 

പിസാറ്റുമായി ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നതേയുള്ളുവെന്ന് പ്രൊജക്ട് അസിസ്റ്റന്റായ റോസ് പി. ബ്രൈറ്റ് പറഞ്ഞു. ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ മേഖലകളിലായി 12 മല്‍സ്യങ്ങളിലാണ് പ്രാഥമികമായി ഈ ടാഗ് ഘടിപ്പിച്ചുവിട്ടത്. അതില്‍ നാലെണ്ണത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് ടാഗ് ഘടിപ്പിച്ച ചൂരമീന്‍ ശ്രീലങ്ക ചുറ്റി സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 20 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ളിടത്താണ് ചൂര മീന്‍ സഞ്ചരിക്കുന്നതെന്നും നിശ്ചിത ആഴത്തിനപ്പുറത്തേക്ക് അവ പോകില്ലെന്നും വ്യക്തമായിട്ടുണ്ട്.

 

ഇരതേടി സഞ്ചരിക്കുന്ന ചൂരമീനുകളുടെ സഞ്ചാരപാത ചെറുമല്‍സ്യങ്ങളുടെ ആവാസകേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ഉപാധി കൂടിയാണ്. ചെറുമീനുകളാണ് ചൂരയുടെ ആഹാരമെന്നതിനാലാണിത്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളില്‍ ചൂരമീനിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത്തരം ശ്രമങ്ങള്‍ നടന്നിട്ടില്ല. കയറ്റുമതി മൂല്യം ഏറ്റവുമധികം ഉള്ള മല്‍സ്യമാണിതെങ്കിലും മല്‍സ്യബന്ധനതൊഴിലാളികളും ചൂരയെ തേടി അധികം പോകാറില്ല. ഈ സാഹചര്യത്തിലാണ് ചൂരമീനില്‍തന്നെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്‍കോയിസ് തീരുമാനിച്ചത്.

 

പിസാറ്റ് വഴി ലഭ്യമാകുന്ന വിവരങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ മല്‍സ്യങ്ങള്‍ കൂടുതലുള്ള മേഖലകളെപ്പറ്റിയും മറ്റും മല്‍സ്യബന്ധനതൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം സുനാമിസാധ്യത മുന്‍കൂട്ടി മനസ്സിലാക്കുന്നതിനുള്ള സുനാമി ബോയ്യുടെ പ്രദര്‍ശനവും പ്രവര്‍ത്തനവിശദീകരണവും ഇന്‍കോയിസിന്റെ സ്റ്റാളിലുണ്ട്.

 

പഴയകാല നാടന്‍ മല്‍സ്യബന്ധന ഉപകരണങ്ങളായ ഒറ്റാല്‍, കൂട, വെടിച്ചില്‍ തുടങ്ങിയവയുടെ ലഘുരൂപങ്ങളും മല്‍സ്യ കൂടുകൃഷിക്കായി ഉപയോഗിക്കുന്ന സംവിധാനങ്ങളും കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മല്‍സ്യക്കൃഷി, അലങ്കാര മല്‍സ്യവളര്‍ത്തല്‍ തുടങ്ങിയവയെപ്പറ്റിയുള്ള ശാസ്ത്രീയവിവരങ്ങളും സങ്കേതങ്ങളും വിവിധയിനം അലങ്കാരമല്‍സ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങളുമെല്ലാം കുഫോസിന്റെ സ്റ്റാളില്‍ നിന്ന് അറിയാനാകും.

 

പരിപാടിയുടെ സഹസംഘാടകരായ സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സ്റ്റാളില്‍ വിവിധ ശാസ്ത്ര പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. വിവിധ ശാസ്ത്രപ്രസിദ്ധീകരണങ്ങളും വേദഗണിത, സമുദ്രശാസ്ത്ര പുസ്തകങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയുടെയും സമുദ്രപഠനങ്ങളുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്ക് ഒട്ടേറെ പുതിയ അറിവുകളാണ് പകരുന്നത്. പ്രദര്‍ശനം ഞായറാഴ്ച വൈകിട്ട് ആറിന് സമാപിക്കും.