ഇന്ത്യയില്‍ മതസ്പർദ്ദ വര്‍ധിച്ചുവരികയാണെന്ന് ബറാക് ഒബാമ

single-img
6 February 2015

obamaവാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്പർദ്ദ വര്‍ധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ പങ്കെടുക്കവെയാണ് ഒബാമയുടെ പരാമര്‍ശം. ഇത്തരം അസഹിഷ്ണുതകള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിയെപ്പോലും ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുളള സംഘര്‍ഷം വ്യാപകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മതത്തിന്റെ പേരിലുളള അസഹിഷ്ണുതകള്‍ ഇന്ത്യയില്‍ സജീവമായിരിക്കുന്നു.  മതവും വിശ്വാസവും നന്മ ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നതാണ് കാണുന്നതെന്നും ഒബാമ പറഞ്ഞു.

ഇത്തരം അസഹിഷ്ണുതകളെ എതിര്‍ക്കുന്നത് കഠിനമാണ്. പക്ഷേ, നമ്മള്‍ പരിശ്രമിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു ദൈവവും ഭീകരപ്രവര്‍ത്തനത്തിനു മാപ്പുകൊടുക്കില്ല. ദൈവനാമത്തെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കതെിരെ രംഗത്തുവരണം. ആക്രമണങ്ങള്‍ ഒരു കൂട്ടര്‍ക്കു നേരെ മാത്രമല്ല. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യത്വം നിരവധി തവണ ചോദ്യം ചെയ്തതായി കാണാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല മതവിഭാഗങ്ങള്‍ക്കു നേരെയുമുണ്ട്. പെഷവാറിലെ സൈനിക സ്‌കൂളില്‍ നടന്ന കൂട്ടക്കുരുതി തൊട്ട് പാരീസ് നഗരത്തിലടക്കമുണ്ടായ ആക്രമണങ്ങള്‍ ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ ചടങ്ങില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അടക്കമുളള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു. ചൈനയുടെ എതിര്‍പ്പിനിടെയാണ് യുഎസ് ദലൈലാമയെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്.