ചീഫ് സെക്രട്ടറിയെ മാവിലായിക്കാരന്‍ എന്നുവിളിച്ച മന്ത്രി തിരുവഞ്ചൂരിന്റെ കോലം മാവിലായിക്കാര്‍ നെല്ലിക്കത്തളം വെച്ചശേഷം കത്തിച്ചു

single-img
6 February 2015

THIRUVANCHOORദേശീയ ഗെയിംസ് അഴിമതി സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാവിലായിക്കാരനെ പോലെയാണു സംസാരിക്കുന്നതെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ മാവിലായിക്കാര്‍ മന്ത്രിയുടെ കോലത്തില്‍ നെല്ലിക്കത്തളം വെച്ചശേഷം കത്തിച്ചു പ്രതിഷേധിച്ചു

ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം മാവിലായിക്കാരന്‍ പ്രയോഗം നടത്തിയത്. അതാണ് മാവിലായിക്കാരുടെ പ്രതിഷേധത്തിനിരയായത്.

മന്ത്രിയുടെ പ്രയോഗം കൊണ്ടു വിവാദമാകുന്ന മാവിലായി കണ്ണൂര്‍ ജില്ലയിലെ പെരളശേരി പഞ്ചായത്തിലൈ നാട്ടുമ്പുറമാണ്. ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന അര്‍ഥത്തിലാണ് മാവിലായിക്കാരന്‍ എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ സഞ്ജയനാണ് ഈ പ്രയോഗം തന്റെ സൃഷ്ടിയിലൂടെ ആദ്യമായി ഉപയോഗിച്ചത്.

രണ്ടു പേര്‍ മദ്യപിച്ച് രാത്രി ചന്ദ്രനെ നോക്കി അത് ചന്ദ്രനാണോ സൂര്യനാണോ എന്ന് തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോള്‍ അത് വഴി വന്ന ഒരാളോട് സംശയം തീര്‍ക്കാന്‍ അത് സൂര്യനാണോ ,ചന്ദ്രനാണോ എന്ന് ചോദിച്ചു. എന്നാല്‍ ”ഞാന്‍ ഈ നാട്ടുകാരന്‍ അല്ല, മാവിലായിക്കാരനാണ്” എന്നു പറഞ്ഞ് വഴിപോക്കന്‍ ഒഴിവായി പോകും. ഈ ഹാസ്യത്തില്‍ നിന്നാണ് മാവിലായിക്കാരന്‍ എന്ന പ്രയോഗമുണ്ടായത്.