നാട്ടുകാരില്‍ ഭയംനിറച്ച് അവധിദിനത്തില്‍ കുന്നിടിച്ച് മണ്ണ് കടത്താന്‍ മണ്ണ് മാഫിയ സംഘം ജെ.സി.ബിയുമായി എത്തി; പക്ഷേ കൈകോര്‍ത്ത് പിടിച്ച് ഭൂമിക്ക് സംരക്ഷണമൊരുക്കിയ ഇത്തിരിപ്പോന്ന കൊച്ചുകുട്ടികള്‍ക്ക് മുന്നില്‍ അവര്‍ക്ക് പേടിച്ച് സ്ഥലം വിടേണ്ടി വന്നു

single-img
5 February 2015

Soil Friendsനാട്ടുകരിലും സാമൂഹ്യ പ്രവര്‍ത്തകരിലും ഭയം നിറച്ച് കുന്നിടിച്ച് മാറ്റി മണണ്് വില്‍പ്പന നടത്തി വന്ന സംഘം ഒടുവില്‍ ഇത്തിരപ്പോന്ന കുരുന്നുകള്‍ക്ക് മുന്നില്‍ തോറ്റോടി. ഏഴോം പഞ്ചായത്തിലെ ചെങ്ങല്‍തടം പട്ടികജാതി കോളനിക്കടുത്താണു കുട്ടികള്‍ ജനകീയ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത്.

മണ്ണ് മാഫിയ കുറച്ചു കാലമായി അധികൃതരുടെ കണ്ണ് വെട്ടിച്ചും നാട്ടുകാരുടെ പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ചും ഇവിടെ വ്യാപകമായി കുന്നിടിച്ച് മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം മുറുകിയപ്പോള്‍ അല്‍പ്പം മാറ്റം വന്നിരുന്നു. എന്നാല്‍ അവധിദിനത്തില്‍ ആരും തടയില്ലെന്ന പ്രതീക്ഷയില്‍ ജെ.സി.ബിയും ലോറിയുമായി മണ്ണുകടത്താന്‍ സംഘമെത്തുകയായിരുന്നു.

ഇതിനെതിരെ പ്രദേശവാസികള്‍ നിരിച്ചന്‍ ബാലകൃഷ്ണനെന്ന പൊതു പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ ഇതിനെയെല്ലാം ഭീഷണിയിലൂടെയും മറ്റും മറികടന്ന സംഘത്തിന് മുന്നിലാണ് തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിപ്പട്ടാളം എത്തിയത്. ഈ ഭൂമിയില്‍ നിന്നും
ഒരുകാരണവശാലും മണ്ണു നീക്കാന്‍ വിടില്ലെന്നു കൈകള്‍ കോര്‍ത്തു നിന്ന് കുട്ടികള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ മണ്ണു കൊണ്ടുപോകാനെത്തിയവര്‍ക്ക് സംഭവം ഗൗരവത്തിലേക്ക് അടുക്കുകയാണെന്ന് മനസ്സിലായി.

മണ്ണു മാഫിയക്കാര്‍ അപ്പോള്‍ തന്നെ ജെ.സിബി.യും മറ്റുമായി സ്ഥലം വിടുകയായിരുന്നു. കുട്ടിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ എന്‍.ഷിബിന, ഷില്‍ഷ, അക്ഷര, മനുശ്രീ, ഹൃദ്യ, ഷില്‍ന, തീര്‍ഥ, ദയകൃഷ്ണ, യദുകൃഷ്ണ എന്നീ കുട്ടികളെ നാട്ടുകാര്‍ പ്രശംസകൊണ്ട് മൂടുകയാണിപ്പോള്‍.